പൊൻകുന്നം: ചിറക്കടവ് സർവീസ് സഹകരണബാങ്ക് ഭരണസമിതി വീണ്ടും ചുമതലയേറ്റു. നിയമപോരാട്ടങ്ങൾക്കൊടുവിൽ യു.ഡി.എഫ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനത്തിനും സ്വീകരണത്തിനും ശേഷമാണ് ഇന്നലെ രാവിലെ അഡ്മിനിസ്‌ട്രേറ്ററിൽ നിന്നും ബാങ്ക് പ്രസിഡന്റ് പി.എൻ ദാമോധരൻപിള്ള ചുമതലയേറ്റെടുത്തത്. വൈസ് പ്രസിഡന്റ് പി.വി.ജോർജ് പൂതക്കുഴി,എം.ജി.ഗോപാലകൃഷ്ണൻ നായർ,എം.എൻ.സുരേഷ് ബാബു,ലാജി തോമസ്,അഭിലാഷ് ചന്ദ്രൻ,ബിജു.എസ്.നായർ,എബിൻ പയസ്,എം.ടി.പ്രീത,ലൗലി ആന്റണി,സ്മിതാ ലാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. ചിറക്കടവ് സർവീസ് സഹകരണ ബാങ്കിൽ 2015-,16 കാലത്ത് അന്നത്തെ സെക്രട്ടറി കമ്പ്യൂട്ടറിൽ വേറെ സോഫ്റ്റ് വെയർ ഉപയോഗിച്ചു ജില്ലാ ബാങ്കിൽ നിന്നും ലഭിച്ച പലിശ സ്വന്തക്കാരുടെ അക്കൗണ്ടിലേക്ക് മാറ്റി എന്നുള്ള ആരോപണം സംബന്ധിച്ച് ഡിപ്പാർട്ട്‌മെന്റ്തല അന്വേഷണം നടന്നിരുന്നു. തുടർന്ന് ജോയിന്റ് രജിസ്ട്രാർ 8 മാസം മുൻപ് ഭരണസമിതിയെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ബാങ്ക് പ്രസിഡന്റ് പി.എൻ.ദാമോദരൻപിള്ള ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഭരണസമിതിയ്ക്ക് അനുകൂലമായ വിധിയുണ്ടായത്.