പാലാ: പൊലീസിന്റെ മൂക്കിൻതുമ്പിലും മോഷണം.! സദാസമയം പൊലീസ് പെട്രോളിംഗ്... പക്ഷേ പാലാ നഗരമദ്ധ്യത്തിൽ നടന്ന മോഷണം പൊലീസും അറിഞ്ഞില്ല. പാലാ ടൗൺ ബസ് സ്റ്റാൻഡിലെ നന്ദൂസ് കൂൾബാർ ആൻഡ് ടീ ഷോപ്പിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ താഴ് തകർത്ത് ഉള്ളിൽ കടന്ന മോഷ്ടാവ് മേശ കുത്തിത്തുറന്നു. നൂറു രൂപയോളമേ നഷ്ടപ്പെട്ടിട്ടൂള്ളൂവെങ്കിലും നഗരത്തിന്റെ ഒത്ത നടുവിൽ ബസ് സ്റ്റാൻഡിൽ നടന്ന മോഷണം നിയമപാലകരെയും ഞെട്ടിച്ചു. ജൂബിലി തിരുനാളിനോടനുബന്ധിച്ച് താത്ക്കാലിക കടകളും മറ്റും ടൗൺ ബസ് സ്റ്റാൻഡിനുള്ളിൽ നിരത്തിയിട്ടുണ്ട്. ഇതിൽ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനോട് ചേർന്നുള്ള വെച്ചുവാണിഭക്കടയിൽ രാത്രി ഒരുമണി വരെ ആളുണ്ടായിരുന്നു. ഇതിന് തൊട്ടുമുന്നിലാണ് മോഷണം നടന്ന നന്ദൂസ് കട. ഞായറാഴ്ച പുലർച്ചെയാണ് മോഷണം നടന്നതെന്നാണ് സൂചന. കടയുടമയുടെ പരാതിയെത്തുടർന്ന് പാലാ സി.ഐ കെ.പി. ടോംസണിന്റെ നേതൃത്വത്തിൽ കടയിൽ പരിശോധന നടത്തി. കഴിഞ്ഞ കുറെ കാലങ്ങളായി പാലാ ടൗൺ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധരും മദ്യപാനികളും അഴിഞ്ഞാടുകയായിരുന്നു. ബസ് സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ പൊലീസുണ്ടെങ്കിലും ഇതൊന്നും അവർ കണ്ടമട്ട് കാണിച്ചിരുന്നില്ല. എന്നാൽ ഇതുസംബന്ധിച്ച് രണ്ടാഴ്ച മുമ്പ് കേരളകൗമുദിയിൽ വാർത്ത വന്നതിനെ തുടർന്ന് പാലാ ഡി.വൈ.എസ്.പി. ഷാജു ജോസ് വിഷയത്തിൽ ഇടപെടുകയും സാമൂഹ്യവിരുദ്ധരെ പിടികൂടാൻ പൊലീസിന് കർശന നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ടൗൺ ബസ് സ്റ്റാന്റിലും പരിസരത്തും പൊലീസ് പട്രോളിംഗ് നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ടൗൺ ബസ് സ്റ്റാൻഡിലെ വ്യാപാരസ്ഥാപനത്തിലെ മോഷണം.

സ്ഥിരം ശല്യക്കാരൻ

മൂന്ന് മാസം മുമ്പ് ഒരു മോഷണക്കേസിൽ പിടിയിലായ യുവാവിന്റെ നേതൃത്വത്തിൽ ഒരുസംഘം ആളുകൾ ടൗൺ ബസ്റ്റാൻഡിൽ യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിച്ച് അഴിഞ്ഞാട്ടം തുടരുകയാണെന്ന് പരാതിയുണ്ട്. രണ്ട് ദിവസം മുമ്പ് ഇയാൾ സ്റ്റാൻഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. മൂന്നാഴ്ച മുമ്പ് ഇതേ മോഷ്ടാവ് സ്റ്റാൻഡിൽ പരസ്യമായി മദ്യപിച്ചിരുന്നു. സംഭവം പൊലീസിനെ അറിയിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപമുണ്ട്.