vege

കോട്ടയം: വിപണിയിലെ പച്ചക്കറി വില നിയന്ത്രിക്കാൻ ഹോട്ടിക്കോർപ്പ് വഴി കുറഞ്ഞ വിലയ്ക്ക് പച്ചക്കറികൾ വിതരണം ചെയ്യുമെന്ന സർക്കാർ വാഗ്ദാനം പാഴായി. ഇട നിലക്കാരെ ഒഴിവാക്കി അന്യസംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി സർക്കാർ നേരിട്ട് എടുത്ത്, സർക്കാർ സംരംഭങ്ങൾ മുഖേന കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തുമെന്നാണ് പറഞ്ഞത്. എന്നാൽ നാമമാത്രമായ പച്ചക്കറി മാത്രമാണ് ഹോർട്ടിക്കോപ്പിന്റ സ്റ്റാൾ വഴി വിൽപ്പന നടത്തുന്നത്. ഇതുമൂലം പൊതുവിപണിയിൽ പച്ചക്കറി വില കുതിച്ചുയരുകയാണ്.

ജില്ലയിൽ സപ്ലൈകോ ഓഫീസിന് സമീപത്തുള്ള ചെറിയ മുറിയിലാണ് ഹോർട്ടിക്കോർപ്പ് ഗോഡൗൺ . ഇവിടെ ഒരു ദിവസം 50 കിലോ പച്ചക്കറി മാത്രമാണ് ആകെ എത്തുന്നത്. പൊതുവിപണിയിൽ നിന്ന് 20 രൂപയുടെ വ്യത്യാസമാണ് ഹോർട്ടിക്കോർപ്പിലുള്ളത്. ഉപഭോക്താക്കൾക്ക് ആവശ്യമായ പച്ചക്കറി ഇവിടെ നിന്ന് ലഭിക്കുന്നുമില്ല. കൂടുതൽ പച്ചക്കറികൾ സംഭരിക്കാനുള്ള സംവിധാനവും ഇവിടെയില്ല.

വിപണിയിൽ ഏറ്റവും വിലക്കുറവ് ഉണ്ടായിരുന്ന വെള്ളരിക്ക, പടവലങ്ങ, വഴുതനങ്ങ തുടങ്ങിയവയ്ക്കും ഇപ്പോൾ 50 രൂപയ്ക്ക് മുകളിലാണ് വില. തക്കാളിക്ക് 130 രൂപയായി. മുരിങ്ങ കായ്ക്കാണ് ഏറ്റവും കൂടുതൽ വില: 170 രൂപ. നെല്ലിക്ക, നാരങ്ങ എന്നിവയ്ക്ക് മാത്രമാണ് വിലക്കുറവ്.


മൊത്തവ്യാപര വില

തക്കാളി: 130 , പച്ചമുളക്: 60, പയർ: 65, കാബേജ്: 60, വെള്ളരി: 50, പാവയ്ക്ക :66, വെണ്ടയ്ക്ക: 60, കാരറ്റ് :65, ബീറ്റ്‌റൂട്ട്: 48, കോവയ്ക്ക: 68, പടവലങ്ങ: 45, ബീൻസ്: 70, വഴുതനങ്ങ: 60

ഹോട്ടിക്കോർപ്പിന്റെ വിൽപ്പന ശാലകളിൽ കൃത്യമായി പച്ചക്കറി എത്തിച്ച് വില വർദ്ധനവിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണം

എബി ഐപ്പ് , ജില്ലാ ഭക്ഷ്യോപദേശ വിജിലൻസ് സമതി അംഗം