കോട്ടയം : എം.സി റോഡരികിൽ നിറുത്തിയിട്ടിരുന്ന ടിപ്പർ ലോറിയ്ക്ക് പിന്നിൽ കാറിടിച്ചു. ഇന്നലെ രാവിലെ 11 ഓടെ അടിച്ചിറ ഭാഗത്തായിരുന്നു സംഭവം. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയ ടിപ്പർ റോഡിന്റെ എതിർവശത്ത് നിറുത്തിയിട്ടിരിക്കുകയായിരുന്നു. ഏറ്റുമാനൂർ ഭാഗത്ത് നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കാർ എതിർവശത്ത് നിന്ന് വാഹനം വരുന്നത് കണ്ട് വെട്ടിച്ച് മാറ്റിയപ്പോൾ ടിപ്പറിൽ ഇടിക്കുകയായിരുന്നു. കാറിന്റെ ഒരുഭാഗം തകർന്നു. അപകടത്തെ തുടർന്ന് ഡ്രൈവർ ബോധരഹിതനായി. ഇതോടെ പിന്നോട്ടുരുണ്ട കാർ പിന്നാലെ എത്തിയ മറ്റൊരു കാറിലും തട്ടി. കാറിനുള്ളിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും നിസാരമായി പരിക്കേറ്റു. ഈ സമയം ഇതുവഴിയെത്തിയ വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസും,​ നാട്ടുകാരായ ജഗനും,​ വിപിനും ചേർന്ന് അപകടത്തിൽപ്പെട്ടവരെ വാഹനത്തിൽ നിന്ന് പുറത്തെടുത്തു. ഇരുവരെയും തെള്ളകത്തെ മാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.