അടിമാലി: തലമാലിക്കുടി മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം. അടിമാലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാംവാർഡിൽ ഉൾപ്പെടുന്നതാണ് തലമാലിക്കുടി ആദിവാസി മേഖല. പ്രദേശത്ത് മുമ്പെങ്ങും ഇല്ലാത്തവിധം കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പരാതി പറയുന്നു. കപ്പയും വാഴയുമൊക്കെ കുത്തിമറിക്കുന്ന കാട്ടുപന്നി ഏലം കൃഷിക്കും ഭീഷണി ഉയർത്തുന്നുണ്ട്. ഇതിനോടകം വലിയ തോതിൽ വിളകളും ഏലം കൃഷിയുമൊക്കെ കാട്ടുപന്നി നശിപ്പിച്ച് കഴിഞ്ഞു. കൃഷി വിളകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നതിനൊപ്പം നേരം ഇരുണ്ടാൽ കാട്ടുപന്നി ആക്രമണം ഭയന്നാണ് തങ്ങൾ പുറത്തിറങ്ങുന്നതെന്നും നാട്ടുകാർ പറഞ്ഞു. കാട്ടുപന്നിക്കൊപ്പം കുരങ്ങന്റെയും മുള്ളൻപന്നിയുടെയുമൊക്കെ ശല്യവും തലമാലിക്കുടി മേഖലയിൽ രൂക്ഷമാണ്. കാട്ടുമൃഗങ്ങളുടെ ശല്യത്താൽ പലരും കൃഷി പാടെ ഉപേക്ഷിച്ച് കഴിഞ്ഞു. ഓരോ തവണയും കാട്ടുപന്നികൾ കർഷകർക്ക് വരുത്തുന്നത് വലിയ നഷ്ടമാണ്. തങ്ങളാലാവും വിധം വേലിയും മറ്റും തീർത്താണ് കർഷകർ താത്കാലികമായി കാട്ടുമൃഗ ശല്യം പ്രതിരോധിക്കുന്നത്.