കോട്ടയം : കൊല്ലാട്, വെള്ളുതുരുത്ത് തുടങ്ങിയ ഭാഗങ്ങളിൽ സിൽവർലൈൻ പദ്ധതിയ്ക്കായി കല്ലിടാനുള്ള നീക്കം ജനകീയ സമിതിയുടെയും പ്രദേശവാസികളുടെയും എതിർപ്പുമൂലം ഉപേക്ഷിച്ചു. പ്രളയവുമായി ബന്ധപ്പെട്ട പഠന സർവേയാണെന്നാണ് സംഘം നാട്ടുകാരെ ധരിപ്പിച്ചത്. സമരസമിതിയുടെയും നാട്ടുകാരുടെയും ശക്തമായ എതിർപ്പുമൂലം പൊലീസ് സാന്നിദ്ധ്യത്തിൽ സംഘം പദ്ധതി ഉപേക്ഷിച്ച് മടങ്ങി. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി കൊല്ലാട്, സമരസമിതി രക്ഷാധികാരി മിനി കെ.ഫിലിപ്പ്, ജെ.വി. ഫിലിപ്പുകുട്ടി, അജയകുമാർ, എം.കെ.ഷഹസാദ്, ജുഫിൻ, മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വെള്ളുതുരുത്ത് ഭാഗത്തിട്ട കല്ല് സമരസമിതിയുടെ നേതൃത്വത്തിൽ എടുത്തുമാറ്റി. ജനപ്രതിനിധികളെയും, പ്രദേശവാസികളെയും അറിയിക്കാതെ ഭീഷണിയുടെ സ്വരത്തിൽ കല്ലിടാനുള്ള നീക്കം തടയുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് കോട്ടയം ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തും.