മാങ്കുളം : മാങ്കുളം പഞ്ചായത്തിലെ പതിമൂന്ന് ആദിവാസി കുടികളിലും വൈറൽ ഫീവർ പടർന്നു പിടിച്ചു. എന്നാൽ പനിബാധിത മേഖലകളിലെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ തികഞ്ഞ അനാസ്ഥയാണ് ആരോഗ്യ വകുപ്പ് പുലർത്തുന്നതെന്നാണ് കൂടി നിവാസികളുടെ ആക്ഷേപം. പടർന്നു പിടിക്കുന്ന പനി കൊവിഡാണോ എന്ന സംശയം പ്രദേശവാസികൾക്കിടയിലുണ്ട്. നിലവിൽ കൊവിഡ് പരിശോധന നിർത്തി വച്ചിരിക്കുന്ന സാഹചര്യത്തിൽ രോഗ നിർണ്ണയം സാദ്ധ്യമല്ലാതായിരിക്കയാണ്. വൈറൽ ഫീവർ എന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നതെങ്കിലും അത് കുടി നിവാസികൾ പൂർണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.മാങ്കുളത്ത് ഇരുപത് ശതമാനത്തിലധികം ജനങ്ങൾ ആദിവാസികളെന്നിരിക്കെ ഇവരുടെ ആരോഗ്യ സംരക്ഷണത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത കാട്ടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.