പാലാ : ജനറൽ ആശുപത്രിയിൽ അപകട നിലയിലായ തൂണ് ഉടൻ പൊളിച്ചുമാറ്റാൻ ഇന്നലെ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനമായി. ഇതു സംബന്ധിച്ച് ''കേരള കൗമുദി ' കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത വാർത്ത യോഗത്തിൽ ചർച്ചയായി. വിവിധ ചികിത്സാ വിഭാഗങ്ങളിലേക്ക് കൂടുതൽ രോഗികൾ എത്തിത്തുടങ്ങിയതോടെ ജനറൽ ആശുപത്രിയിലെ നിലവിലുള്ള ഒ.പി ബ്ലോക്കിലും പരിസരത്തും ഉണ്ടാകുന്ന തിരക്ക് കുറയ്ക്കുന്നതിന് സമഗ്ര പരിഷ്‌കരണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്താനും തീരുമാനിച്ചു. ഒ പി രജിസ്‌ട്രേഷൻ പുതിയ മന്ദിരത്തിലേക്ക് പൂർണമായും മാറ്റും. നാലു രജിസ്‌ട്രേഷൻ കൗണ്ടറുകളാണ് ഉണ്ടാവുക., ഇതിനു സമീപത്തായി ടൂ വീലർ പാർക്കിംഗിനും സജ്ജീകരണം ഏർപ്പെടുത്തും. പഴയ കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി. കൊവിഡിനെ തുടർന്ന് നിറുത്തിവച്ച പാർക്കിംഗ്, സന്ദർശക ഫീസുകൾ ജനുവരി മുതൽ ഈടാക്കും. കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കും, പൊലീസ് എയ്ഡ് പോസ്റ്റ് ആരംഭിക്കുന്നതിനും തീരുമാനിച്ചു. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ മാനേജ്‌മെന്റ്ര് സിസ്റ്റം നടപ്പാക്കും. കേന്ദ്രീകൃത ഓക്‌സിജൻ പൈപ്പ് ലൈൻ കൂടുതൽ മന്ദിരങ്ങളിലേക്കും വാർഡുകളിലേക്കും എത്തിക്കും. കാൻസർ വിഭാഗത്തിനു മാത്രമായി പുതിയ മന്ദിരം നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കും. നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.