വൈക്കം : നാട് പ്രതീക്ഷയോടെ കാത്തിരുന്ന പാലങ്ങളുടെ നിർമ്മാണത്തിന് ടെണ്ടർ നടപടികളായതായി സി.കെ ആശ എം.എൽ.എ അറിയിച്ചു. ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മൂലേക്കടവ് പാലം, ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടം പാലം എന്നിവയാണ് ടെണ്ടർ ചെയ്തത്. അക്കരപ്പാടം പാലത്തിന് 14 കോടി രൂപയും മൂലേക്കടവ് പാലത്തിന് 17 കോടി രൂപയുമാണ് കിഫ്ബി അനുവദിച്ചിരിക്കുന്നത്.
ചെമ്പ് പഞ്ചായത്തിലെ ഏനാദിയെയും മറവൻതുരുത്ത് പഞ്ചായത്തിലെ മൂലേക്കടവിനെയും തമ്മിൽ ബന്ധിപ്പിച്ച് പാലം നിർമിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് പതി​റ്റാണ്ടുകളുടെ പഴക്കമുണ്ട്. നിലവിൽ ചെമ്പ് പഞ്ചായത്തിലെ എട്ട്, ഒൻപത് വാർഡുകളിലെ ജനങ്ങൾ കിലോമീ​റ്ററുകളോളം ചു​റ്റിയാണ് വിവിധ ആവശ്യങ്ങൾക്കായി വൈക്കത്ത് എത്തുന്നത്. പാലം യാഥാർഥ്യമാകുന്നതോടെ ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതിയാകും.
ഉദയനാപുരം പഞ്ചായത്തിലെ നാനാടം കൂട്ടുങ്കൽ, അക്കരപ്പാടം പ്രദേശങ്ങളെ ബന്ധിപ്പിച്ച് മൂവാ​റ്റുപുഴയാറിന് കുറുകെയാണ് അക്കരപ്പാടം പാലം നിർമ്മിക്കുന്നത്. നാനാടത്ത് എത്താനായി കടത്തുവള്ളത്തെ പ്രധാനമായും ആശ്രയിക്കുന്ന അക്കരപ്പാടം നിവാസികൾക്ക് റോഡുമാർഗം പോകണമെങ്കിൽ ചെമ്മനാകരിയിലൂടെ ഏഴുകിലോമീ​റ്ററോളം ചു​റ്റി സഞ്ചരിക്കണം. പാലമെന്ന സ്വപ്നം യാഥാർഥ്യമാകുന്നതോടെ ഈ ദുരിതമെല്ലാം അവസാനിക്കും.