
കോട്ടയം: ടി.ബി രോഗികളുടെ എണ്ണം കുറക്കുന്നതിൽ കോട്ടയം മുന്നിൽ. മൂന്നു വർഷത്തിനുള്ളിൽ 15 ശതമാനം കുറവാണുണ്ടായത്. രോഗി കൃത്യമായി മരുന്നു കഴിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്ന 99 ഡോട്ട് എന്ന ആധുനിക സാങ്കേതിക സംവിധാനമടക്കം ഫലപ്രദമായ ചികിത്സാ സംവിധാനങ്ങളിലൂടെയാണ് രോഗികളുടെ എണ്ണത്തിൽ കുറവ് വരുത്താൻ കഴിഞ്ഞത്. മൊബൈൽ ടി.ബി ലാബ് വാൻ, നിക്ഷയ് ഔഷധി, ടി.ബി നിയന്ത്രണത്തിന്റെ ഭാഗമായി സ്വകാര്യ മേഖലാ ഡോക്ടർമാർക്കും ബോധവത്ക്കരണം തുടങ്ങിയവയിലൂടെയും ചികിത്സയിൽ മുന്നേറാൻ കോട്ടയത്തിന് കഴിഞ്ഞു.
രോഗിക്ക് കഴിക്കാനുള്ള മരുന്ന് ഒരു പ്രത്യേക സ്ലീവിനുള്ളിലാക്കി നൽകും. കഴിച്ച ശേഷം സ്ലീവിന് പുറത്തുള്ള ടോൾ ഫ്രീ മൊബൈൽ നമ്പരിൽ മിസ്ഡ് കോൾ ചെയ്യുന്ന രീതിയാണ് 99 ഡോട്ട്സ്. ഇതു വഴി രോഗി മരുന്നു കഴിച്ചുവെന്ന് ഉറപ്പു വരുത്താനാകും. നിശ്ചിത സമയത്തിനുള്ളിൽ മെസേജ് എത്തുന്നില്ലെങ്കിൽ മരുന്നുകഴിച്ചില്ലെന്ന് മനസിലാക്കി കഴിക്കാൻ പ്രേരിപ്പിക്കാൻ ഇതിലൂടെ കഴിയുന്നു.
ടി.ബി രോഗികളുടെ ചികിത്സയും അനുബന്ധ സേവനങ്ങളും നൽകുന്നതിനും കണക്കുകൾ തിട്ടപ്പെടുത്തുന്നതിനും സർക്കാർ തലത്തിൽ ലഭ്യമാക്കിയ വെബ് അടിസ്ഥാന റിപ്പോർട്ടിംഗ് സംവിധാനമാണ് നിക്ഷയ്
ഒന്നിടവിട്ട ദിവസങ്ങളിൽ മരുന്നു നൽകുന്നതിന് പകരം എല്ലാ ദിവസവും മുടങ്ങാതെ മരുന്നുകൾ ഒന്നായി സംയോജിപ്പിച്ച് രോഗിയുടെ ശരീര ഭാരത്തിനനുസരിച്ച് നൽകുന്ന രീതിയാണിത്. കഴിക്കേണ്ട മരുന്നുകളുടെ എണ്ണം ഇതു വഴി കുറക്കാനാകും.
മരുന്നുകളെ പ്രതിരോധിക്കുന്ന ഗുരുതര ക്ഷയരോഗം കണ്ടെത്തി ശ്വാസകോശേതര രോഗ നിർണയം ഫലപ്രദമായി നടത്താൻ കഴിയുന്ന നൂതന ജനിതക സാങ്കേതിക സംവിധാനമാണ് സിബി നാറ്റ് . കഫത്തിന്റെ പരിശോധനാഫലവും മരുന്നിനോടുള്ള പ്രതിരോധവും രണ്ട് മണിക്കൂറിനുള്ളിൽ ലഭ്യമാക്കാൻ കഴിയും.
കോട്ടയത്തെ ടി.ബി രോഗികളുടെ വിവരം
2019---------- 1709
2020------------1564
2021-----------1443
കൊവിഡിന് ശേഷം ടി.ബി രോഗികളുടെ എണ്ണത്തിലും 25 ശതമാനം കുറവുണ്ടായി. ടി.ബി രോഗികൾക്ക് കൊവിഡ് വരാൻ സാദ്ധ്യത കൂടുതലെന്ന് ഭയന്ന് വീടുകളിലിരുന്ന് കൃത്യമായി മരുന്ന് കഴിച്ചത് ഒരു കാരണമാകാം. കൊവിഡ് കാലത്ത് പരിശോധനയ്ക്ക് ആശുപത്രികളിൽ പോകാതിരുന്നതിനാൽ പുതിയ രോഗികളുടെ കാര്യത്തിൽ കൃത്യമായ പരിശോധന ഉണ്ടായില്ല. എല്ലാവരും മാസ്ക്ക് ധരിച്ചതു കാരണം മറ്റുള്ളവരിലേക്ക് ടി.ബി പടരാനുള്ള സാദ്ധ്യതയും കുറഞ്ഞു.
- ഡോ.ട്വിങ്കിൾ പ്രഭാകർ, ജില്ലാ ടി.ബി ഓഫീസർ