പൊൻകുന്നം:ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ മാലിന്യനിർമ്മാർജ്ജന പദ്ധതി പാളി. മുൻഭരണസമിതി തുടങ്ങിവെച്ച പദ്ധതി കഴിഞ്ഞ ഒരുവർഷമായി നിലച്ചമട്ടിലായിരുന്നു. കുടുംബശ്രീ അംഗങ്ങൾ വീടുകളിലെത്തി മാലിന്യം ശേഖരിച്ച് അത് ഗ്രീൻ കേരള വഴി സംസ്‌കരിക്കുകയായിരുന്നു. ഇതിനായി ഓരോവീട്ടിൽ നിന്നും പ്രതിമാസം 20 രൂപ വീതം ഈടാക്കിയിരുന്നു. കൊവിഡിനെതുടർന്നാണ് വീടുകളിലെത്തിയുള്ള മാലിന്യശേഖരണം നിലച്ചത്.
ഇപ്പോൾ പദ്ധതി പുനരാരംഭിച്ചു എന്നാണ് പഞ്ചായത്ത് അധികാരികൾ പറയുന്നത്.എന്നാൽ ഏതാനും ചില വാർഡുകളിൽ മാത്രമാണ് മാലിന്യശേഖരണം നടക്കുന്നത്. നേരത്തെ 20 രൂപ ആയിരുന്നത് ഇപ്പോൾ 50 രൂപ ആക്കി വർദ്ധിപ്പിച്ചു. എന്നിട്ടും വീടുകളിലെത്തി മാലിന്യ ശേഖരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പഞ്ചായത്ത് തലത്തിൽ നടപ്പാക്കുന്ന പദ്ധതി ചില വാർഡുകളിൽ മാത്രമായി ഒതുങ്ങുന്നതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. മാലിന്യശേഖരണത്തിന് 50 രൂപ കൊടുക്കാത്തവർ മറ്റെന്തെങ്കിലും കാര്യത്തിന് പഞ്ചായത്ത് ഓഫീസിലെത്തുമ്പാൾ 50 രൂപ നിർബന്ധമായി ഈടാക്കുന്നുണ്ടെന്നും മാലിന്യം എടുക്കുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു.