കോടിമത പച്ചക്കറി മാർക്കറ്റിന് സമീപം തടസം സൃഷ്ടിച്ച് ലോറികൾ
കോട്ടയം: ആകെ പുല്ലും കാടും വളർന്നിരിക്കുന്നു... അതും ലോറിയിൽ! കോടിമത പച്ചക്കറി മാർക്കറ്റിന് സമീപം എം.ജി റോഡരികിൽ ഏറെക്കാലമായി പാർക്ക് ചെയ്തിരിക്കുന്ന ലോറികളെ ഇപ്പോൾ കാട് മൂടുന്ന അവസ്ഥയാണ്. ലോറികൾ ഓരേസമയം കാൽനടയാത്രികർക്കും വാഹനയാത്രക്കാർക്കും അപകടഭീഷണി സൃഷ്ടിക്കുന്നുണ്ട്. റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന ലോറികൾ മാർക്കറ്റിലേക്ക് എത്തുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. കേടുപാടുകൾ സംഭവിച്ച ലോറികൾ റോഡിനിരുവശവും ഇവിടെ കാട് മൂടി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കോട്ടയത്തെ വിവിധ ഷോറുമുകളിലേക്ക് കാറും ബൈക്കുകളും എത്തിക്കുന്ന ലോറികളും എം.ജി റോഡരികിൽ തന്നെയാണ് പാർക്ക് ചെയ്യുന്നത്. ലോറികൾ മൂലം കാൽനടയാത്രികർ റോഡിലേക്ക് ഇറങ്ങിയാണ് നടക്കുന്നത്. ഇത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
മോഷണം പതിവ്
എം.ജി റോഡിൽ പാർക്ക് ചെയ്യുന്ന ലോറികളുടെ ടയർ ഉൾപ്പെടെ മോഷണം പോയ സംഭവവും ഇവിടെയുണ്ടായിട്ടുണ്ട്. ടയറുകൾ നഷ്ടമായ ടാങ്കർ ലോറികളും കേടുപാടുകൾ സംഭവിച്ചതുമായ ലോറികളാണ് കാടുമൂടിയ നിലയിലായത്. പ്രദേശത്ത് തെരുവുനായ ശല്യവും രൂക്ഷമാണ്. പാർക്ക് ചെയ്തിരിക്കുന്ന ലോറികളുടെ അടിയിലാണ് തെരുവുനായളുടെ താമസം. ഇവിടെ വഴി വിളക്കുകൾ തെളിയാത്തതിനാൽ, മാലിന്യ നിക്ഷേപവും സാമൂഹ്യവിരുദ്ധ ശല്യവും പതിവാണ്.