മുണ്ടക്കയം: വാഹനത്തിരക്കേറിയതോടെ ദേശീയപാതയിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളും കൂടുതലായി എത്തുന്നുണ്ട്.

ഇതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് പതിവാണ്. അമിതവേഗവും അശ്രദ്ധയും മൂലം തീർത്ഥാടന കാലത്തിന്റെ ആരംഭത്തിൽ തന്നെ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. ഈ സാഹചര്യം മുൻനിറുത്തിയാണ് ദേശീയപാതയിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം വീണ്ടും സജീവമായത്. കൊവിഡ് മൂലം കഴിഞ്ഞ സീസണുകളിൽ തീർത്ഥാടകരുടെ എണ്ണം കുറവായിരുന്നു. അതുകൊണ്ടുതന്നെ ദേശീയപാതയിലെ സുരക്ഷാ മുന്നൊരുക്കങ്ങൾ എല്ലാം പേരിനു മാത്രമായി ഒതുങ്ങി. പാതയുടെ ഇരുവശങ്ങളിലും പൊന്തക്കാടുകൾ നിറഞ്ഞതാണ്. ഇതുമൂലം അപകടങ്ങളും നിത്യസംഭവമാണ്. കുട്ടിക്കാലം മുതൽ മുണ്ടക്കയം വരെയുള്ള ഭാഗത്ത് കൊടുംവളവുകളും ഇറക്കവും നിറഞ്ഞ റോഡിൽ എല്ലാ തീർത്ഥാടന കാലത്തും അപകടങ്ങൾ പതിവാണ്. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സേഫ് സോൺ പദ്ധതി നടപ്പിലാക്കുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനങ്ങൾ ലഭിക്കുന്നില്ല. ഇന്നലെയുണ്ടായ അപകടത്തെതുടർന്ന് ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടിരുന്നു.

ഇതരസംസ്ഥാനത്തു നിന്നും എത്തുന്ന തീർത്ഥാടക വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിലേറെയും. കുട്ടിക്കാലം മുതൽ മുണ്ടക്കയം വരെയുള്ള ഭാഗത്ത് വാഹനങ്ങളുടെ വേഗം കുറയ്ക്കാനായി കൂടുതൽ പദ്ധതികൾ നടപ്പാക്കണമെന്നാണ് ആവശ്യം.