
കുമരകം : വർഷ കൃഷിയുടെ വീണടിഞ്ഞ നെല്ലിൻ ചുവട്ടിൽ നിന്ന് പാെട്ടി ഉണ്ടായ നെല്ല് (പടപ്പ) വിളഞ്ഞു പാകമായിത്തുടങ്ങി. പടപ്പ പാെട്ടി ഇതുപാേലെ നെല്ലുണ്ടാകുന്നത് മഴ മൂലം കതിരായ നെൽച്ചെടികൾ വീണടിഞ്ഞു ആഴ്ചകളോളം കിടക്കുമ്പാേഴാണ്. ഇങ്ങനെ പടപ്പ നെല്ലിൽ നിന്നുണ്ടാകുന്ന കതിരുകളും നെൽമണികളും ചെറുതായിരിക്കും. മുൻ കാലങ്ങളിൽ പാവപ്പെട്ട സ്ത്രീകൾ ഇവ കാെയ്ത് എടുത്തു കൊണ്ടു പാേകുമായിരുന്നു. ഇപ്പോൾ കർഷകരും, താെഴിലാളികളും ഇത് ഉപേക്ഷിക്കുകയാണ്. കാെയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ കതിരുകളിൽ നിന്ന് പൊഴിഞ്ഞു നിലത്തു വീഴുന്ന നെല്ലും കിളിർത്തുവളരുന്നത് സാധാണ സംഭവമാണ്. ഇത്തവണ കുമരകത്തെ ഇടവട്ടം, കാെല്ലകരി, കീറ്റുപാടം, പടിഞ്ഞാറ്റു കാട് തുടങ്ങി പല പാടങ്ങളിലും പടപ്പനെല്ല് വിളഞ്ഞു പാകമായിക്കാെണ്ടിരിക്കുകയാണ്.