പൊൻകുന്നം:ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ മാലിന്യനിർമ്മാർജ്ജനപദ്ധതി 20 വാർഡുകളിലും സജീവമായി നടക്കുന്നുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അവകാശപ്പെടുമ്പോഴും പദ്ധതി കാര്യക്ഷമമല്ലെന്ന് നാട്ടുകാർ. ലോക്ക്ഡൗൺകാലത്ത് നിലച്ചുപോയ പദ്ധതി കഴിഞ്ഞമാസം പുനരാരംഭിച്ചെങ്കിലും മിക്ക വാർഡുകളിലും ഹരിതകർമ്മസേനാംഗങ്ങൾ വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്നില്ല.കഴിഞ്ഞ മാസം എല്ലാ വീടുകളിലുമെത്തി 50 രൂപ വീതം യൂസർ ഫീ വാങ്ങിയെങ്കിലും ഒരുമാസം പിന്നിട്ടിട്ടും മാലിന്യശേഖരണത്തിന് ഇതുവരെ ആരും വന്നില്ലെന്നാണ് ആക്ഷേപം. ഇതുസംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞദിവസം വാർത്ത നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ മാസം ഹരിത കർമ്മസേനാംഗങ്ങൾ 20 വാർഡിലും പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതരുടെ പ്രതികരണം. പഞ്ചായത്തിൽ യൂസർ ഫീസായി 74800 രൂപ ലഭിച്ചിട്ടുമുണ്ട്. ഹരിത കർമ്മസേന പ്രവർത്തനം കൂടുതൽ കൃത്യതയോടെ മോണിട്ടർ ചെയ്യുന്നതിന് സർക്കാർ അംഗീകൃത ഏജൻസിയെ ഏൽപ്പിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.