
പൊൻകുന്നം: ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമായ ഡ്രാഗൺഫ്രൂട്ട് കൃഷി മലയോരമേഖലയിൽ വ്യാപിക്കുന്നു. ജില്ലയിൽ ഈ വർഷം നൂറ് ഏക്കറിൽ പുതുകൃഷി തുടങ്ങുന്നതിന് കൃഷിവകുപ്പ് സഹായം ഒരുക്കും. രണ്ടര ഏക്കറിൽ 3000 തൈകൾ നടുന്നതിന് കഴിയും. കുറഞ്ഞ അളവിൽ കൃഷി ചെയ്യുന്നവർക്കും നടീൽ വസ്തുക്കൾ നൽകും. കൃഷി രീതികൾ കർഷകർക്ക് ഓൺലൈൻ വഴി നൽകും. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക് ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പാക്കും. കർഷകർ താത്പര്യത്തോടെ ചെയ്തു തുടങ്ങിയ കൃഷിക്ക് സംസ്ഥാന ഹോർട്ടികൾച്ചർ മിഷനാണ് പിന്തുണയുമായെത്തുന്നത്. സ്വകാര്യ നഴ്സറികളിൽ നൂറുരൂപ വിലയുള്ള തൈ സബ്സിഡിയോടെ 25 രൂപയ്ക്കാണ് കർഷകരിലേക്കെത്തുന്നത്.
നട്ട് രണ്ടാം വർഷം മുതൽ കായ്ച്ച് തുടങ്ങും. താങ്ങുകാലുകളായി കോൺക്രീറ്റ് തൂണുകളോ വേലിക്കല്ലുകളോ ഉപയോഗിക്കാം. ശരിയായി സംരക്ഷിക്കുന്നതിന് പഴയ ടയർ പിടിപ്പിച്ച് സുന്ദരമാക്കാം. നിലവിൽ പാലാ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, കൊഴുവനാൽ, കൂരോപ്പട, വാഴൂർ പ്രദേശങ്ങളിൽ ഈ പുതുവിളയുടെ കൃഷി വ്യാപിക്കുകയാണ്.
ആരോഗ്യദായകം
പഴമൊന്നിന് 200 ഗ്രാം മുതൽ ഒരു കിലോ വരെ തൂക്കമുണ്ടാകും
വിറ്റാമിൻ സി, ആന്റി ഓക്സിഡന്റുകൾ, മഗ്നീഷ്യം എന്നിവ സമൃദ്ധം
ഫൈബർ കൂടുതലുള്ളതിനാൽ ഡയബറ്റിക് രോഗികൾക്കും കഴിക്കാം
ആന്തോസയാഹിൻ കൂടുതലായി ഉള്ളതിനാൽ കണ്ണിനു നല്ലതാണ്
നാലുതൈകളുടെ യൂണിറ്റ് 100 രൂപയ്ക്ക് ലഭ്യമാക്കും. താത്പര്യമുള്ള കർഷകർ കൃഷിഭവനിലെത്തി അപേക്ഷ നൽകണം
- ലിസി ആന്റണി , കൃഷി ഡപ്യൂട്ടി ഡയറക്ടർ , സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ