കോട്ടയം : ബാങ്ക് സ്വകാര്യവത്ക്കരണം നാടിനെ അപകടത്തിലാക്കുമെന്നും ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കുമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി.ബിനു പറഞ്ഞു. സാധാരണ ജനങ്ങളുടെ സമ്പാദ്യമായ ബാങ്കുനിക്ഷേപങ്ങൾ സ്വകാര്യവത്കരണംമൂലം കോർപ്പറേറ്റുകളുടെ ബിസിനസ് സാമ്രാജ്യങ്ങൾക്ക് കൈമാറുമെന്നും ഈ അപകടം തിരിച്ചറിഞ്ഞ് ബാങ്ക് ജീവനക്കാർ നടത്തുന്ന പ്രക്ഷോഭ സമരങ്ങൾക്ക് ഏറെ പ്രസക്തി ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എ.ഐ.ബി.ഇ.എ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ജന സദസുകളുടെ ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.ബി.ഇ.എ ജില്ലാ ചെയർമാൻ പി.എസ് രവീന്ദ്രനാഥൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.എം.എ.ഷാജി, ഷിജോ പ്ലാത്തോട്ടം തുടങ്ങിയവർ സംസാരിച്ചു.