ss

കോട്ടയം: ഇന്ത്യൻ ഭാഷയിൽ കുട്ടികളുടെ സാഹിത്യത്തിന് മികച്ച സംഭാവന നൽകുന്നവർക്കുള്ള ടാറ്റാ ട്രസ്റ്റിന്റെ പരാഗ് ഇനിഷ്യേറ്റിവ് ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ ദി ബിഗ് ലിറ്റിൽ ബുക്ക് അവാർഡിന് (ബി.എൽ.ബി.എ) പ്രശസ്ത ബാലസാഹിത്യകാരൻ പ്രൊഫ.എസ്.ശിവദാസ് (81) അർഹനായി. അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. രാജ്യത്ത് ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യ പുരസ്‌കാരമാണിത്. മലയാളത്തിന് ആദ്യമായാണ് പുരസ്കാരം ലഭിക്കുന്നത്. ഇന്ന് വൈകിട്ട് നാലിന് തൃശൂർ കേരള സാഹിത്യ അക്കാഡമി ഹാളിൽ അക്കാഡമി പ്രസിഡന്റ് വൈശാഖൻ പുരസ്‌കാരം സമ്മാനിക്കും. 439 എൻട്രികളിൽ അവസാന റൗണ്ടിൽ കേരളത്തിൽ നിന്ന് സിപ്പി പള്ളിപ്പുറം, ഡോ.കെ.ശ്രീകുമാർ, പള്ളിയറ ശ്രീധരൻ എന്നിവരുമുണ്ടായിരുന്നു.

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം, മാത്തൻ മണ്ണിരക്കേസ്, ഒരു ഭ്രാന്തൻ കണ്ടലിന്റെ കത്ത്, കീയോ കീയോ, സയൻസ് പാർലമെന്റ്, കഥ പറയുന്ന മൂലകങ്ങൾ, പഠിക്കാൻ പഠിക്കാം, കണക്ക് കഥകളിലൂടെ, ബുദ്ധിയുണർത്തും കഥകൾ തുടങ്ങി കുട്ടികൾക്കു വേണ്ടി ശാസ്ത്രത്തെ കഥകളിലൂടെ സരസമായി അവതരിപ്പിച്ച നൂറിലേറെ കൃതികളുടെ രചയിതാവാണ് കോട്ടയം സ്വദേശിയായ പ്രൊഫ.ശിവദാസ്. അദ്ധ്യാപകൻ, ശാസ്ത്രസാഹിത്യ പ്രചാരകൻ , പത്രാധിപർ, പേരന്റിംഗ് വിദഗ്ദ്ധൻ എന്നീ നിലകളിലും പ്രശസ്തനാണ്. കോട്ടയം സി.എം.എസ് കോളേജിലെ റിട്ട. കെമിസ്ട്രി പ്രൊഫസറാണ്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രസിദ്ധീകരണമായ യുറീക്കയുടെ എഡിറ്ററായിരുന്നു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി സമിതിയുടെ എമിററ്റസ് ഫെല്ലോഷിപ്പ്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവന പുരസ്‌കാരം, കേന്ദ്ര-കേരള സാഹിത്യ അക്കാഡമി അവാർഡുകൾ തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ : റിട്ട. അദ്ധ്യാപിക സുമ ശിവദാസ്. മക്കൾ: അപു, ദീപു.