പാലാ : കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാകവി പാലാ നാരായണൻ നായരുടെ 111ാം ജന്മദിനം ' പാലായ്ക്ക് നൂറ്റിപതിനൊന്ന് ' എന്ന പേരിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 11ന് രാവിലെ 10.30ന് പാലാ കിഴതടിയൂടെ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി. എം.ജി. സർവകലാശാല മുൻ വി.സി. ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. ഗാന്ധിദർശൻ വേദി പ്രസിഡന്റ് ഡോ.എം.സി. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിക്കും. ഡിഐജി ഡോ. ബി. സന്ധ്യ മുഖ്യാതിഥിയാകും. അനഘ ജെ. കോലത്ത് മഹാകവി പാലാ അനുസ്മരണ പ്രഭാഷണം നടത്തും. മഹാകവിയുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം കിഴതടിയൂർ ബാങ്ക് പ്രസിഡന്റ് ജോർജ്ജ് സി. കാപ്പന്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് സമ്മനിക്കും. മദനമോഹൻ കവിതാലാപനം നിർവഹിക്കും. 69 വർഷക്കാലമായി മലയാളഭാഷാധ്യാപന രംഗത്ത് പ്രവർത്തിക്കുന്ന പ്രൊഫ. സി.ജെ. സെബാസ്റ്റ്യന് ഭാഷാചാര്യ പുരസ്‌കാരം ഡോ. ബി. സന്ധ്യ സമ്മാനിക്കും. അഡ്വ. എ.എസ്. തോമസ് പ്രമേയം അവതരിപ്പിക്കും. പത്രസമ്മേളനത്തിൽ ഗാന്ധിദർശൻ വേദി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് കൊണ്ടൂപ്പറമ്പിൽ, എ.കെ. ചന്ദ്രമോഹൻ, അഡ്വ. എ.എസ്. തോമസ്, അഡ്വ. സോമശേഖരൻ നായർ, അഡ്വ. ജയദീപ് പാറക്കൽ തുടങ്ങിയവർ പങ്കെടുത്തു.