വൈക്കം : വൈക്കം നഗരത്തിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാകുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. വൈക്കം പടിഞ്ഞാറെ നട മുതൽ ബോട്ട് ജെട്ടി വരെയുള്ള റോഡ്, ലിങ്ക് റോഡ്, വടക്കേനട, ദളവാക്കുളം എന്നിവിടങ്ങളെല്ലാം തെരുവ് നായ്ക്കൾ അടക്കി വാഴുകയാണ്. റോഡുകളിൽ തള്ളുന്ന ഭക്ഷണ അവശിഷ്ടങ്ങൾ ഭക്ഷിക്കാനാണ് ഇവ ഇവിടങ്ങളിൽ തമ്പടിക്കുന്നത്. പുലർച്ചെ നടക്കാൻ ഇറങ്ങുന്നവർ, വഴിയാത്രക്കാർ, പത്ര വിതരണക്കാർ എന്നിവരാണ് നായ്ക്കളുടെ ആക്രമണം ഏറെയും നേരിടുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നൂറ് കണക്കിന് നായ്ക്കളാണ് അലഞ്ഞ് നടക്കുന്നത്. കൂട്ടത്തോടെ വരുന്ന നായ്ക്കൾ ആക്രമിക്കാൻ മുതിരുന്നതാണ് വഴിയാത്രക്കാരെ ഭയപ്പെടുത്തുന്നത്. രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾക്ക് കുറുകെ നായ്ക്കൾ ചാടുന്നത് പതിവാണ്. പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം കുപ്പേടിക്കാവ് ക്ഷേത്രത്തിന് മുന്നിലെ നിരത്തിലൂടെ വന്ന സ്ത്രീയെ തെരുവ് നായ്ക്കൾ ആക്രമിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്ന് സമീപത്തെ ഇടവഴിയിലൂടെ നടന്നു പോയ ഏഴു വയസുകാരിയെ രണ്ട് വളർത്തു നായ്ക്കൾ പിന്നാലെ പാഞ്ഞെത്തി കടിക്കാനായി ഓടിച്ചു. ഭയന്നോടിയ കുട്ടി 200 മീറ്ററോളം അപ്പുറത്തുള്ള പ്രധാന നിരത്തിലെത്തിയപ്പോൾ വഴി യാത്രികരിൽ ചിലർ നായ്ക്കളെ എറിഞ്ഞോടിച്ചാണ് കുട്ടിയെ രക്ഷിച്ചത്. സ്‌കൂളിലേക്ക് കൂട്ടുകാരുമൊത്ത് നടന്നു പോയിരുന്ന കുട്ടികളെ മാതാപിതാക്കൾ ഇപ്പോൾ കൊണ്ടുവിടുകയാണ്.
വന്ധ്യംകരണം കൊണ്ടും ഗുണമില്ല
തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായപ്പോൾ അധികൃതരുടെ നേതൃത്വത്തിൽ ഇവയെ പിടികൂടി വന്ധ്യംകരിക്കുന്ന പ്രവർത്തനങ്ങൾ നടത്തിയിരുന്നു. വന്ധ്യംകരണം നടത്തിയ ശേഷം ഇവയെ പിടികൂടുന്നയിടത്ത് തന്നെ തുറന്നുവിടുകയാണ് പതിവ്. വന്ധ്യംകരണത്തിലൂടെ വർദ്ധന തടയാനാവുമെങ്കിലും നിലവിലുണ്ടായിരുന്ന തെരുവ് നായ ശല്യത്തിന് പരിഹാരമല്ല. വ്യക്തികൾ തെരുവിൽ ഉപേക്ഷിക്കുന്ന നായ്ക്കൾ അലഞ്ഞ് തിരിയുകയും പെറ്റുപെരുകുകയും ചെയ്യുന്നുമുണ്ട്.
വില്ലൻ മാലിന്യം തന്നെ
പ്രദേശവാസികളുടെയും കച്ചവട സ്ഥാപനങ്ങളുടെയും അലക്ഷ്യമായ മാലിന്യം തള്ളലും അശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകളുമാണ് തെരുവു നായ്ക്കൾ പെരുകാൻ പ്രധാന കാരണം. മാലിന്യ നിർമാർജ്ജനത്തിന് വിവിധ പദ്ധതികൾ നഗരസഭയടക്കം നടപ്പിലാക്കുന്നുണ്ടെങ്കിലും മാലിന്യനിക്ഷേപത്തിന് കുറവൊന്നുമില്ല. റോഡരികിൽ ചാക്കിൽ കെട്ടി വലിച്ചെറിയുന്ന മാലിന്യം നായ്ക്കൾ റോഡിലിട്ട് കടിച്ചുകീറുന്നത് പതിവാണ്.
ശല്യം രൂക്ഷം ഇവിടെ
സ്വകാര്യ ബസ് സ്റ്റാൻഡ്
ആശുപത്രി പരിസരം, ബീച്ച്
വടക്കേനട, ദളവാക്കുളം
കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്
കച്ചേരിക്കവല തോട്ടുവക്കം റോഡ്
നായ ശല്യത്തിന് അറുതി വരുത്താൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണം. കുട്ടികളടക്കം ഭീതിയോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്.
സുരേഷ്, പ്രദേശവാസി