വൈക്കം : തുറവൂർ - പമ്പ ഹൈവേയുടെ ഭാഗമായ നേരേകടവ് - മാക്കേക്കടവ് പാലവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സ്ഥല ഉടമകൾ നൽകിയിരുന്ന ഹർജികൾ തള്ളിയെന്ന എ.എം.ആരിഫ് എം.പിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാക്കൾ. ഹൈക്കോടതിയിൽ കേസുകൾ തീർപ്പാകാതെ നിൽക്കുമ്പോൾ തെറ്റിദ്ധാരണ പരത്തിയുള്ള എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നിൽ ദുരൂഹതയുണ്ട്. രണ്ട് മാസം മുമ്പ് മാക്കേക്കടവിലേയും നേരേകടവിലേയും സ്ഥല ഉടമകൾക്ക് പണം നൽകാനുള്ള നടപടികൾ പൂർത്തിയാക്കിയതായി സി.കെ.ആശ എം.എൽ.എയും അവകാശവാദമുന്നയിച്ചിരുന്നു. ഇതും വസ്തുതകൾക്ക് നിരക്കാത്തതാണ്.

കേസിന്റെ അടുത്ത സിറ്റിംഗ് 16 നാണ് നടക്കുന്നത്.

എം.പിയും, എം.എൽ.എയും ജനങ്ങളെ കബളിപ്പിക്കുന്ന സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പദ്ധതി പ്രദേശം സന്ദർശിച്ച് പ്രശ്ന പരിഹാരമുണ്ടാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സർക്കാർ കാര്യക്ഷമമായി ശ്രമിച്ചാൽ സ്ഥലമേറ്റെടുക്കൽ നടക്കുമെന്നിരിക്കെ നിർമ്മാണ പ്രവർത്തനങ്ങൾ മുടക്കിയുള്ള ഈ നാടകം ജനപ്രതിനിധികളും ഉദ്യോഗസ്ഥ ലോബിയും കരാറുകാരനും ചേർന്നുള്ള അണിയറ നീക്കത്തിന്റെ ഭാഗമാണെന്നും കെ.പി.സി.സി നിർവ്വാഹക സമിതിയംഗം എൻ.എം.താഹ, വൈക്കം ബ്ലോക്ക് കോൺഗസ് പ്രസിഡന്റ് അക്കരപ്പാടം ശശി, ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷറർ ജയ് ജോൺ പേരയിൽ,ഉദയനാപുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.ബിൻസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ഡി.ജോർജ്ജ്, കെ.എസ്. സജീവ് എന്നിവർ ആരോപിച്ചു.

നിർമ്മാണം ആരംഭിച്ചത് 2016 ൽ

2016 ൽ ആരംഭിച്ച പാലം നിർമ്മാണം 18 മാസത്തിനകം തീർക്കുമെന്നായിരുന്നു കരാറെങ്കിലും സമീപന റോഡിന് സ്ഥലമെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കോടതിയിലെത്തിയതോടെ നിർമ്മാണ പ്രവർത്തനങ്ങൾ മൂന്ന് വർഷമായി മുടങ്ങിക്കിടക്കുകയാണ്. രണ്ടു ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് വേമ്പനാട്ടുകായലിനു കുറുകെ 750 മീറ്റർ നീളത്തിലാണ് പാലം നിർമ്മിക്കുന്നത്. പാലത്തിന്റ 65 ശതമാനം നിർമ്മാണവും 2018 പകുതിയോടെ പൂർത്തിയായിരുന്നു. 98 കോടി രൂപ അടങ്കൽ വരുന്ന പദ്ധതി 76 കോടി രൂപയ്ക്കാണ് കരാറെടുത്തത്. ഇതിനകം കരാറുകാരന് 54 കോടി രൂപ നൽകി. രണ്ട് ബില്ലുകൾ ഇനി പാസായി ലഭിക്കാനുണ്ട്.