വൈക്കം : സംസ്ഥാന എനർജി മാനേജ്‌മെന്റ് സെന്റർ, ബ്യൂറോ ഒഫ് എനർജി എഫിഷ്യൻസി, സെന്റർ ഫോർ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വൈക്കം നിയോജക മണ്ഡലത്തിൽ ഇന്ന് ഊർജകിരൺ ശില്പശാലയും റാലിയും സിഗ്‌നേച്ചർ കാമ്പയിനും സംഘടിപ്പിക്കും. വെൽഫെയർ സർവീസസ് എറണാകുളത്തിന്റെയും വൈക്കം ജനമൈത്രി പൊലീസിന്റെയും നേതൃത്വത്തിൽ വെൽഫെയർ സെന്ററിൽ സംഘടിപ്പിക്കുന്ന ശില്പശാല സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അദ്ധ്യക്ഷത വഹിക്കും. ഊർജ സംരക്ഷണ സന്ദേശ റാലി വൈക്കം സ്റ്റേഷൻ ഹൗസ് ഓഫീസർ .കൃഷ്ണൻപോറ്റി ഫ്ലാഗ് ഒഫ് ചെയ്യും. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌ക്കരൻ, വെച്ചുർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോജി ജോർജ്ജ്, എന്നിവർ പ്രസംഗിക്കും. എനർജി മാനേജ്‌മെന്റ് സെന്റർ റിസോഴ്‌സ് പേഴ്‌സൺ റജി ജെയിംസ് ക്‌ളാസ് നയിക്കും.