
കോട്ടയം: മുളന്തുരുത്തി- ചെങ്ങന്നൂർ റെയിൽ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി മുട്ടമ്പലം, അതിരമ്പുഴ, മാഞ്ഞൂർ വില്ലേജുകളിൽ ഉൾപ്പെട്ട 0.1388 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള റിപ്പോർട്ട് വിദഗ്ദ്ധ സമിതി അംഗീകരിച്ചു. പരിസ്ഥിതി പ്രദേശങ്ങളിലൂടെ പാത കടന്നു പോകുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യാഘാത പഠനം നടത്തിയിരുന്നു. ഈ റിപ്പോർട്ടാണ് വിദഗ്ദ്ധ സമിതി അംഗീകരിച്ചത്.
ഡോ. ബിജു ലക്ഷ്മണൻ (അസോ. പ്രൊഫസർ സ്കൂൾ ഒഫ് ഗാന്ധിയൻ തോട്ട് എം.ജി സർവ്വകലാശാല) ചെയർമാനും, ബാബുസക്കറിയ (അസി. എക്സി.എൻജിനീയർ, സതേൺ റെയിൽവേ) ഡോ.പുന്നൻ കുര്യൻ (സോഷ്യോളജിസ്റ്റ്), ഡോ.സിബിൻ മാത്യു മേടയിൽ (സോഷ്യോളജിസ്റ്റ്) ഡോ.ഷഹവസ് ഷെരീഫ് (പുനരധിവാസ വിദഗ്ദ്ധൻ ) റീബ വർക്കി (നഗരസഭാ കൗൺസിലർ) ടോമികുറുകുളം (പഞ്ചായത്ത് അംഗം) എന്നിവർ അംഗങ്ങളുമായ സമിതിയാണ് സാമൂഹ്യാഘാത പഠന റിപ്പോർട്ട് അംഗീകരിച്ചത്. പുനരധിവാസ പാക്കേജിന് അർഹരായ സ്ഥമുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് സ്പെഷ്യൽ തഹസിൽദാറെ (എൽ.എ) ജില്ലാ കളക്ടർ പി.കെ.ജയശ്രീ ചുമതലപ്പെടുത്തി.
സ്ഥലം അനുയോജ്യമെന്ന് വിലയിരുത്തൽ
പാത ഇരട്ടിപ്പിക്കലിന് കണ്ടെത്തിയ സ്ഥലം അനുയോജ്യം
സാമൂഹിക പ്രത്യാഘാതങ്ങൾ താരതമ്യേന കുറവുള്ളത്
ഏറ്റെടുക്കുന്ന ഒരു വീട്ടിലുള്ളവരെ പുനരധിവസിപ്പിക്കണം
പൊതു, കാർഷിക ആവശ്യങ്ങൾക്കുള്ള ഭൂമി ഏറ്റെടുത്തിട്ടില്ല
പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷിക്കാരെ ബാധിക്കുന്നില്ല
പാത കടന്നു പോകുന്നിടത്തെ പൊതുവഴി സംരക്ഷിക്കണം
എല്ലാ ഭൂഉടമകൾക്കും നഷ്ടപരിഹാരം വേഗത്തിൽ നൽകണം
ഏറ്റുമാനൂർ മുതൽ
ചിങ്ങവനം വരെ
16.5 കിലോമീറ്റർ
ഇരട്ടപ്പാത പൂർത്തിയായാൽ തിരുവനന്തപുരം എറണാകുളം പാത പൂർണമായും വൈദ്യൂതീകരിച്ച ഇരട്ടപ്പാതയാകും. തോരാ മഴയും മണ്ണിടിച്ചിലും കാരണം പണികൾ നീളുകയാണ്. മഴ കാരണം ലോറികൾ മണ്ണിൽ പുതയുന്നതിനാൽ മണ്ണ് നീക്കവും തടസപ്പെട്ടു.
റബർ ബോർഡ് ഓഫീസിനും പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫീസിനും സമീപമുള്ള രണ്ട് തുരങ്കം, കൊടുരാറിന് കുറുകേ 610 മീറ്റർ നീളമുള്ള പാലം, കുറ്റിക്കാട്, മൂലേടം, പാക്കിൽ മുട്ടമ്പലം, എന്നിവിടങ്ങളിലെ ചെറുപാലങ്ങളും പൂർത്തിയാകാനുണ്ട്. ഇതെല്ലാം പൂർത്തിയായ ശേഷമേ മണ്ണ് നിറച്ച് പാളം ഇടാനുള്ള ജോലികൾ നടക്കൂ. പൂവന്തുരുത്ത് മേൽപ്പാലം പണി കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്.