മുണ്ടക്കയം : ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച സഹായവും വാഗ്ദാനത്തിലൊതുങ്ങി. കൂട്ടിക്കൽ പഞ്ചായത്തിൽ മരിച്ച 12 പേരിൽ ആറ് പേരുടെ ബന്ധുക്കൾക്ക് മാത്രമാണ് ഇതുവരെ സാമ്പത്തിക സഹായം ലഭിച്ചത്. കാവാലിയിൽ മരണപ്പെട്ട മാർട്ടിന്റെ കുടുംബത്തിന്റെ അവകാശികളെ നിശ്ചയിക്കാൻ കാലതാമസം എടുക്കുന്നതിനാൽ ഇവർക്കുള്ള ധനസഹായം നൽകിയിട്ടില്ല. പഞ്ചായത്തിന്റെ പരിധിയിൽ മാത്രം നൂറോളം വ്യാപാരസ്ഥാപനങ്ങൾ പൂർണമായും ഭാഗികമായും നശിച്ചു. വ്യാപാര സംഘടനകൾ നൽകിയ സഹായം അല്ലാതെ മറ്റൊന്നും ഇവർക്ക് ലഭിച്ചിട്ടില്ല. നാനൂറോളം വീടുകൾ പൂർണമായും ഭാഗികമായും തകർന്നു. ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമിയാണ് ഒലിച്ചുപോയത്. നൂറുകണക്കിന് അപേക്ഷകളാണ് കൃഷിഭവനിൽ ലഭിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അടിയന്തര ആവശ്യങ്ങൾക്കായി സർക്കാർ 10,000 രൂപ ധനസഹായം നൽകാറുണ്ടായിരുന്നെങ്കിലും ഈ വർഷം അതുമുണ്ടായില്ല.