പാലാ: കിഴതിരി ഗവ. എൽ.പി. സ്‌കൂളിൽ മൂന്നാഴ്ച മുമ്പ് സാമൂഹ്യവിരുദ്ധർ അടിച്ചുതകർത്ത ജനൽ ചില്ലുകൾ ഇന്നലെ രാമപുരം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പുനഃസ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് ജോയി എന്നിവരുടെ നിർദ്ദേശപ്രകാരമാണ് പൊട്ടിത്തകർന്ന ജനൽ ചില്ലുകൾ മാറ്റി പുതിയത് സ്ഥാപിച്ചത്. കഴിഞ്ഞ നവംബർ 20ന് രാത്രിയായിരുന്നു സംഭവം. എന്നാൽ 20 ദിവസം പിന്നിട്ടിട്ടും കുറ്റവാളികളെ കണ്ടെത്താൻ രാമപുരം പൊലീസിന് കഴിഞ്ഞിട്ടില്ല. സ്‌കൂൾ ഹെഡ്മിസ്ട്രസ് മിനി ശുഭലൻ രേഖാമൂലം രാമപുരം പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാത്തതും വിവാദമായിട്ടുണ്ട്. പ്രതികളെക്കുറിച്ച് കൃത്യമായി സൂചന ഇല്ലാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് രാമപുരം പൊലീസ് അറിയിച്ചതെന്ന് ഹെഡ്മിസ്ട്രസ് മിനി പറഞ്ഞു.