കോട്ടയം: കുടമാളൂരില്‍ ഭീകരാന്തരീക്ഷം സൃഷ്​ടിച്ച ക്രിമിനൽ കേസ്​ പ്രതി പിടിയിൽ. കുടമാളൂർ സ്വദേശിയായ അജയകുമാർ (41) നെയാണ് കോട്ടയം വെസ്റ്റ് പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. ഇന്നലെ രാത്രി കുടമാളൂര്‍ കവലയിലായിരുന്നു സംഭവം. ഇതുവഴി എത്തിയ ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തിയ പ്രതി ഓട്ടോഡ്രൈവറെയും ഓട്ടോയിലുണ്ടായിരുന്ന കുടുംബത്തെയും ഭീഷണിപ്പെടുത്തുകയായിരുന്നു. കത്തിയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി ഓട്ടോഡ്രൈവറെ കുത്താന്‍ ശ്രമിച്ചു. ഒഴിഞ്ഞ് മാറിയ ഓട്ടോഡ്രൈവര്‍ രക്ഷപ്പെട്ടെങ്കിലും പ്രദേശത്ത് നിന്നിരുന്ന ഷാജിയെന്ന ആൾക്ക് കുത്തേല്‍ക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് പരിക്കേറ്റ ഷാജിയെ ആശുപത്രിയില്‍ എത്തിച്ചു. ഇയാളുടെ കാലിനാണ് പരിക്കേറ്റത്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ നാഗമ്പടത്ത് നിന്നാണ് വെസ്റ്റ് പൊലീസ് പിടികൂടിയത്.