
കോട്ടയം : ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കി. ജില്ലയിൽ താറാവുകൾ ചത്തുവീണതിനെ തുടർന്ന് സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും പരിശോധനാ ഫലമെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നത്. അതേസമയം ആലപ്പുഴയിൽ പക്ഷിപ്പിനി സ്ഥിരീകരിച്ചത് ക്രിസ്മസ് വിപണിയെ ബാധിക്കുമെന്ന ആശങ്കയാണ് കച്ചവടക്കാർക്ക്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് ഡോക്ടർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, രണ്ട് ജീവനക്കാർ അടങ്ങുന്ന ദ്രുതകർമ്മസേനയെ സജ്ജമാക്കിയിരിക്കുന്നത്. പരിശോധനാ ഫലത്തിൽ പക്ഷിപ്പിനി സ്ഥിരീകരിച്ചാലുടൻ നൂറ് മീറ്റർ പരിധിയിലുള്ള മുഴുവൻ പക്ഷികിളെയും കൊന്നൊടുക്കും. തുടർന്ന് കത്തിച്ചു കളയും. വെച്ചൂർ, അയ്മനം, കല്ലറ പ്രദേശങ്ങളിലാണ് കൂട്ടത്തോടെ ചത്തുവീണത്. തിരുവല്ല മഞ്ഞാടിയിൽ പരിശോധിച്ച ഒരു സാമ്പിൾ ഫലം തീറ്റയിലെ പൂപ്പൽ ബാധയാണെന്ന് ആയിരുന്നു. എന്നാൽ മറ്റ് സാമ്പിളുകളിൽ സംശയം തോന്നിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ദേശീയ ലാബിലേയ്ക്ക് അയച്ചത്.