
കോട്ടയം : കർഷകർക്ക് പ്രതീക്ഷ നൽകിയ ശേഷം റബർ വില താഴ്ന്നു. ആർ.എസ്.എസ് 4ന് കിലോയ്ക്ക് 174 രൂപയും, ആർ.എസ്.എസ് 5 ന് 171 രൂപയുമായാണ് റബർ വില താഴ്ന്നത്. അതേസമയം റബർ ലാറ്റക്‌സ് വില 138 രൂപയായി ഉയർന്നു. ആഴ്ചകൾക്ക് മുൻപ് ഷീറ്റിന് കിലോയ്ക്ക് 191, 190 രൂപ വരെയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ 187,185 രൂപയാണ് ലഭിക്കുന്നത്. മഴമാറി റബർ ഉത്പാദനം വർദ്ധിച്ചതാണ് വില കുറയാൻ ഇടയാക്കിയത്. വില വർദ്ധിച്ചതോടെ പല തോട്ടങ്ങളിലും ടാപ്പിംഗ് പുന:രാരംഭിച്ചിരുന്നു. അതേസമയം ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം മൂലം റബർ വില വീണ്ടും താഴുമോ എന്ന ആശങ്ക കർഷർക്കുണ്ട്. ഗ്ലൗസ് ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് ഡിമാൻഡ് വർദ്ധിച്ചതോടെ ലാറ്റക്‌സ് വില ഉയരാൻ തുടങ്ങി. ജനുവരി മാസത്തിൽ ഇല പൊഴിയുന്നതോടെ ഇനിയും വില ഇടിയുമോ എന്നതാണ് കർഷകരുടെ ആശങ്ക.