
കോട്ടയം : കുറ്റകൃത്യങ്ങളുടെ ലോകത്ത് അകപ്പെട്ടുപോയ കുട്ടികളെ ചേർത്ത് പിടിക്കുന്ന കാവൽ പദ്ധതി ജില്ലയിൽ വിജയം. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ എൻ.ജി.ഒകളുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ ഇതുവരെ നൂറ്റൻപതിലേറെ കുട്ടികൾക്ക് കൈത്താങ്ങാകാനായി. കൗൺസലിംഗിലൂടെയും നിരന്തര നിരീക്ഷണത്തിലൂടെയും ശാന്ത ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രതികളായി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കുന്ന കുട്ടികൾക്ക് ആദ്യം കൗൺസലിംഗ് നൽകും. ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടുകൾ നേരിടുന്നവരെ കാവൽ പദ്ധതിയുടെ ഭാഗമാക്കും. തുടർന്ന് പദ്ധതിയുമായി ചേർന്നു പ്രവർത്തിക്കുന്ന എൻ.ജി.ഒകൾക്ക് കുട്ടിയെ കൈമാറും. കുട്ടികളുടെ കുടുംബത്തെ അടുത്തറിഞ്ഞ് അവരെക്കൂടി ഉൾപ്പെടുത്തും. സാമൂഹികമായും സാമ്പത്തികമായും പിന്നിൽ നിൽക്കുന്ന കുടുംബമാണെങ്കിൽ അത് പരിഹരിക്കാനുള്ള നിർദ്ദേശങ്ങളും സഹായങ്ങളും നൽകും. കുട്ടികൾക്ക് വിദ്യാഭ്യാസ തൊഴിൽ പരിശീലനവും നൽകും. തുടർച്ചയായ മൂന്ന് വർഷമോ 21 വയസുവരെയോ ആണ് ഇത്തരം കുട്ടികളെ പദ്ധതിയുടെ ഭാഗമാക്കുന്നത്.
വിവിധ കേസുകൾ
വിവിധ കേസുകളിൽപ്പെട്ട് എത്തുന്ന കുട്ടികൾ പദ്ധതിയുടെ ഭാഗമാണ്. മോഷണം, അടിപിടി, മയക്കു മരുന്ന്, കൊലപാതക ശ്രമം തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ കേസുകളിൽപ്പെട്ട കുട്ടികളെയാണ് കാവൽ പദ്ധതിയിലംഗങ്ങളാക്കുന്നത്.
പ്രധാന സേവനങ്ങൾ
ലൈഫ് സ്‌കിൽ വിദ്യാഭ്യാസം
വൊക്കേഷണൽ പരിശീലനം
ഭവന സന്ദർശനം