
കോട്ടയം: കുരുമുളകിന്റെ വില കുത്തനെ ഉയർന്നപ്പോൾ ലഭ്യത കുറഞ്ഞത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. 300 രൂപയിൽ താഴെയുണ്ടായിരുന്ന കുരുമുളകിന് ഇപ്പോൾ 525 രൂപയാണ് വില. 10 വർഷം മുൻപാണ് 500 രൂപ വില ലഭിച്ചിരുന്നത്. ക്രിസ്മസ് വിപണി സജീവമായതോടെ കുരുമുളക് വില ഇനിയും ഉയരുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ. കമ്പോഡിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവുമധികം കുരുമുളക് ഉത്പാദിപ്പിക്കുന്നത്. കമ്പോഡിയയിലും, വിയറ്റ്‌നാമിലും കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലം കുരുമുളകിന്റെ ഉത്പാദനം പകുതിയായി കുറഞ്ഞതാണ് വിലവർദ്ധനവിന് ഇടയാക്കിയത്. മുൻപ് കേരളത്തിൽ ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിച്ചിരുന്നത് ഹൈറേഞ്ച് മേഖലയിലായിരുന്നു. തുടർച്ചയായി വിലയിടിവുണ്ടായ സാഹചര്യത്തിൽ ഹൈറേഞ്ചിലെ കർഷകർ കുരുമുളക് മാറ്റി ഏലം കൃഷി ആരംഭിച്ചു.
പ്രതിരോധ ശേഷിയും കുറവ്
നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് വിളവെടുപ്പ് നടക്കുന്നത്. എന്നാൽ തുടർച്ചയായി ഉണ്ടായ മഴയിൽ കുരുമുളകിന്റെ ഉത്പാദനം പകുതിയായി കുറഞ്ഞു. ചുരുക്കം കർഷകർ മാത്രമാണ് കുരുമുളക് സംഭരിച്ച് വയ്ക്കുന്നത്. പന്നിയൂർ, കൈരളി തുടങ്ങിയ സങ്കരയിനം കുരുമുളകുകളാണ് ഇപ്പോൾ കൃഷിചെയ്യുന്നത്. ഇവയ്ക്ക് പ്രതിരോധശേഷികുറവാണ്. ഇത് ഉത്പാദനത്തെ ബാധിക്കുന്നതായി കർഷകർ പറഞ്ഞു.