പാലാ: ലാളിത്യവും വിനയവുമാണ് മറ്റ് കവികളിൽ നിന്ന് മഹാകവി പാലാ നാരായണൻ നായരെ വ്യത്യസ്തനാക്കുന്നതെന്ന് എം.ജി. യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് പറഞ്ഞു. മഹാകവി പാലാ നാരായണൻ നായരുടെ 111ാം ജന്മദിനത്തോടനുബന്ധിച്ച് കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംഘടിപ്പിച്ച ''പാലായ്ക്ക് നൂറ്റിപ്പതിനൊന്ന്'' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗാന്ധിദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ.എൻ.സി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. 69 വർഷം മലയാള അദ്ധ്യാപകനായി സേവനം ചെയ്ത പ്രൊഫ. സി.ജെ. സെബാസ്റ്റ്യനെ ഡി.ജി.പി. ഡോ. ബി. സന്ധ്യ പുരസ്‌ക്കാരം നൽകി ആദരിച്ചു. ഭാഷാചാര്യ പുരസ്‌കാരവും പ്രൊഫ. സി.ജെ. സെബാസ്റ്റ്യന് സമർപ്പിച്ചു. മഹാകവിയുടെ പേരിൽ ആദ്യമായി അവാർഡ് ഏർപ്പെടുത്തിയ കിഴതടിയൂർ ബാങ്ക് പ്രസിഡന്റ് ജോർജ്ജ് സി. കാപ്പനെയും സമ്മേളനത്തിൽ ആദരിച്ചു. ഗാന്ധി ദർശൻ വേദി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് കൊണ്ടൂപ്പറമ്പിൽ, ഏ.കെ. ചന്ദ്രമോഹൻ, അഡ്വ. എ.എസ് തോമസ്, അഡ്വ. സോമശേഖരൻ നായർ, ജയ്ദീപ് പാറയ്ക്കൽ, മദനമോഹനൻ, വിജയകുമാർ തിരുവോണം, അനഘ ജെ. കോലത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു.