മുണ്ടക്കയം : കോരുത്തോട് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽപ്പെട്ട കുഴിമാവ് മൂഴിക്കൽ ഭാഗത്ത് 2018 ലെ പ്രളയത്തിൽ തകർന്ന തോപ്പിൽകടവ് പാലം പുനർ നിർമിക്കുന്നതിന് നടപടികൾ സ്വീകരിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം പുനർനിർമ്മിക്കുന്നത്. കോരുത്തോട് പഞ്ചായത്തിൽ നിന്ന് പെരുവന്താനം ഗ്രാമപഞ്ചായത്തിലെ മൂഴിക്കൽ - കുറ്റിക്കയം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതായിരുന്നു പാലം. പാലം തകർന്നതോടെ ഇരുകരയിലെയും ജനങ്ങൾ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ടി വന്നിരുന്നു. ആശുപത്രി, സ്‌കൂൾ തുടങ്ങി ഇരു കരകളിലുമായി ഉണ്ടായിരുന്ന സ്ഥാപനങ്ങളിലേക്ക് പോകുന്നതിനും ജനങ്ങൾ ഏറെ ബുദ്ധിമുട്ടിയിരുന്നു. പാലം നിർമാണത്തിന് ആവശ്യമായ വിശദമായ എസ്റ്റിമേറ്റും, ഡി.പി.ആറും തയ്യാറാക്കുന്നതിന് റീബിൽഡ് കേരള എൻജിനിയറിംഗ് വിഭാഗം വരുംദിവസങ്ങളിൽ പരിശോധന നടത്തും. പരമാവധി വേഗത്തിൽ പാലം നിർമ്മാണം യാഥാർത്ഥ്യമാക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.