കോട്ടയം : മാർക്കറ്റിലേക്ക് സാധനം വാങ്ങാൻ എത്തുന്ന ഇരുചക്ര വാഹന യാത്രക്കാരുടെ നടുവൊടിയാതെ രക്ഷപ്പെട്ടാൽ ഭാഗ്യം. പച്ചക്കറി മാർക്കറ്റിലെ റോഡ് തകർന്ന് തരിപ്പണമായിട്ട് വർഷങ്ങളായി. പ്രവേശന ഭാഗം മുതൽ തിയേറ്റർ റോഡ് വരെയുള്ള ഭാഗമാണ് തകർന്നു കിടക്കുന്നത്. ചെറു ഇടറോഡുകളുടെ കാര്യവും ദയനീയമാണ്. ചെറുതും വലുതുമായ നിരവധി കുഴികളാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. തിയേറ്റർ റോഡ് ഭാഗത്തും പച്ചക്കറി മാർക്കറ്റ് ഭാഗത്തും രൂപപ്പെട്ടിരിക്കുന്ന രണ്ട് വലിയ കുഴികൾ അപകടക്കെണിയായി മാറി. നിരവധിപ്പേരാണ് കുഴികളിൽ ചാടി അപകടത്തിൽപ്പെടുന്നത്. റോഡിന് വീതി കുറവായതും ചരക്ക് ലോറികൾ പാർക്ക് ചെയ്യുന്നതിനാൽ ഏത് സമയത്തും തിരക്കുള്ള റോഡാണിത്. മറ്റ് വാഹനങ്ങൾക്കായി സൈഡ് കൊടുക്കുമ്പോൾ ചെറുവാഹനങ്ങൾ കുഴികളിൽപ്പെടുകയാണ്.
തലങ്ങും വിലങ്ങും സ്വകാര്യബസ്
ചങ്ങനാശേരി, കുറിച്ചി, പാക്കിൽ, ചിങ്ങവനം തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസുകൾ ഉൾപ്പെടെ മാർക്കറ്റ് റോഡിലൂടെയാണ് കടന്നു പോകുന്നത്. വർഷങ്ങൾക്ക് മുൻപ് ടാർ ചെയ്ത റോഡാണിത്. ടാറിംഗ് മാറി മുഴുവനും പൊട്ടിപ്പൊളിഞ്ഞു. റോഡിൽ വെളിച്ചം കുറവായതിനാൽ രാത്രികാലങ്ങളിലാണ് കൂടുതലും വാഹനങ്ങൾ കുഴിയിൽ അപകടത്തിൽപ്പെടുന്നത്. മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതും പതിവാണ്.
എളുപ്പമാർഗം പക്ഷെ !
അന്യസംസ്ഥാനങ്ങളിൽ നിന്ന് ലോഡുമായി എത്തുന്ന ചരക്ക് ലോറികൾ പാർക്ക് ചെയ്യുന്ന സ്ഥലമായതിനാൽ നിലവാരമുള്ള റോഡ് അത്യാവശ്യമാണ്. കെ.എസ്.ആർ.ടി.സി യിലേക്കും കോടിമതയിലേക്കും എളുപ്പം എത്താൻ സാധിക്കുമെന്നതിനാൽ നിരവധിപ്പേരാണ് ഈ റോഡ് ഉപയോഗിക്കുന്നത്.
റോഡിലെ കുഴികൾ നികത്തി മികച്ച നിലവാരത്തിൽ ടാർ ചെയ്ത് അപകടഭീഷണി ഒഴിവാക്കണം. കാർ കുഴിയിൽ അകപ്പെട്ടാൽ മുന്നോട്ടെടുക്കുക ഏറെ പ്രയാസമാണ്. ഇതോടെ മാർക്കറ്റ് ഗതാഗതക്കുരുക്കിലമരും.
രാജപ്പൻ, പ്രദേശവാസി