പാലാ : ആലംബഹീനരുടെ സംരക്ഷണ കേന്ദ്രമായ പാലാ മരിയസദൻ ഇനി കുടിവെള്ളത്തിന് വലയില്ല. ഇത്രനാളും വേനൽക്കാലത്ത് ദിവസേന നാലായിരം രൂപയോളം മുടക്കി കുടിവെള്ളം വാങ്ങിയിരുന്നത് ഇനി പഴയ ഓർമ്മ. മൂന്നുമാസം കൂടി കഴിഞ്ഞാൽ മരിയാസദനിൽ ഇഷ്ടംപോലെ വെള്ളം കിട്ടും. ഇതിനായുള്ള വിപുലമായ പദ്ധതി പാലാ റോട്ടറി ക്ലബ് ഒരു കാരുണ്യമായി മരിയസദന് സമർപ്പിക്കുകയാണ്. പാലാ റോട്ടറി ക്ലബ് 40 ലക്ഷത്തോളം രൂപ മുടക്കിയാണ് മരിയസദന് വർഷം മുഴുവൻ കുടിവെള്ളം ലഭ്യമാക്കുന്ന നൂതന പദ്ധതി നടപ്പാക്കുന്നത്. പാലാ ളാലം തോടിന്റെ ഞൊണ്ടിമാക്കൽ കവല ഭാഗത്ത് തെരുവിൽ പുരയിടത്തിനോട് ചേർന്ന് പദ്ധതിക്കുള്ള കുളത്തിന്റെ നിർമ്മാണം ഇന്നലെ ആരംഭിച്ചു. പരേതനായ തെരുവിൽ റിട്ട. പ്രൊഫ. ടി.ജെ. ജോസഫിന്റെ മക്കൾ സൗജന്യമായി നാല് സെന്റ് സ്ഥലം പദ്ധതിയുടെ കുളത്തിനായി വിട്ടുകൊടുക്കുകയായിരുന്നു.
പ്രൊഫ. ടി.ജെ. ജോസഫിന്റെ ഭാര്യ റിട്ട. പ്രൊഫ. ഏലിയാമ്മ ജോസഫ് നിർമ്മാണോദ്ഘാടനം നിർവഹിച്ചു. മരിയസദൻ ഡയറക്ടർ സന്തോഷ് ജോസഫ്, പാലാ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, മുണ്ടാങ്കൽ പള്ളി വികാരി റവ. ഫാ. മാത്യു അരഞ്ഞാണിപുത്തൻപുരയിൽ, റോട്ടറി ക്ലബ്ബ് ഭാരവാഹികളായ റെജി പെരുമാട്ടിക്കുന്നേൽ, മാത്തുക്കുട്ടി ജോസ്, ടിസൺ ചന്ദ്രൻകുന്നേൽ, ജോസ് അഗസ്റ്റിൻ, ബിജു കോക്കാട്ട്, പ്രൊഫ. ടി.ജെ. ജോസഫിന്റെ മക്കളായ ഡോ. റോബിൻ, ഡോ. ബിപിൻ തുടങ്ങിയവർ പങ്കെടുത്തു.
മരിയസദനിൽ ഇപ്പോൾ നാനൂറ്റമ്പതോളം അന്തേവാസികളാണുള്ളത്. വേനൽകാലത്ത് ഒരു ദിവസം നാല്പതിനായിരം ലിറ്ററോളം വെള്ളം ഇവിടെ ആവശ്യമുണ്ട്. നിലവിൽ ഇത് നാലായിരത്തോളം രൂപ മുടക്കി പാലാ പൊൻകുന്നം റൂട്ടിൽ കടയത്തുനിന്ന് ലോറിക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്. വെള്ളത്തിന് മാത്രമായി ഭാരിച്ച സാമ്പത്തിക ചെലവാണുള്ളത്. ഇതിനൊരു പരിഹാരം തേടി മരിയസദൻ അധികാരികൾ പലരേയും സമീപിച്ചിരുന്നു. അങ്ങനെയാണ് പാലാ റോട്ടറി ക്ലബ് അവരുടെ ഏറ്റവും വലിയ കാരുണ്യ പദ്ധതിയായി മരിയസദൻ കുടിവെള്ളപദ്ധതി ഏറ്റെടുത്തത്.