
പാലാ: 'കുറുവാസംഘ' ത്തെ കൊണ്ട് പാലാ പൊലീസ് തോറ്റു! ഒരാഴ്ചക്കിടെ വിവിധ പ്രദേശങ്ങളിൽ നിന്നായി ഇരുപതിൽപരം കോളുകളാണ് പാലാ പൊലീസ് സ്റ്റേഷനിലെത്തിയത്; എല്ലാം കുറുവാ സംഘത്തെ കണ്ടു, ഉടൻ എത്തണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള വിളി.
അഞ്ച് ദിവസം മുമ്പ് കൊഴുവനാലിൽ നിന്ന് പാലാ പൊലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ; മുറ്റത്ത് എന്തോ കാൽപ്പെരുമാറ്റം കേട്ടു. ഉടൻ എത്തണം. പൊലീസെത്തി. അവിടെമെല്ലാം പരതി , ആരെയും കണ്ടില്ല.
കഴിഞ്ഞ ദിവസം മേവടയിൽ നിന്നു വിളിച്ചത്, ഒരു തമിഴൻ പാത്രങ്ങൾ വിൽക്കാനായി കറങ്ങി നടക്കുന്നു, കണ്ടിട്ട് കുറുവാ സംഘത്തിന്റെ ലക്ഷണമുണ്ട്, ഉടൻ എത്തണമെന്നു പറഞ്ഞാണ്. അവിടെയുമെത്തി പൊലീസ്. അയാളെ പിടികൂടി വിശദമായി ചോദ്യം ചെയ്തു. ഇരുപത് വർഷമായി പാലായിലും പരിസരത്തും പാത്ര കച്ചവടവുമായി എത്തുന്ന പാവത്തെയാണ് നാട്ടുകാർ കുറുവാ സംഘക്കാരനാക്കിയത്.
വെള്ളിയാഴ്ച രാത്രി പാലാ ടൗണിൽ നിന്നായിരുന്നു കോൾ. ഒരു ലോഡ്ജിൽ പത്തോളം തമിഴൻമാർ കുക്കർ വിൽക്കാനെന്ന വ്യാജേന തങ്ങുന്നു. ഇവർ കുറുവാസംഘമാണ് ഉറപ്പാണ്. വിളിച്ചയാൾക്ക് സംശയമേയില്ല. അവിടെയും പൊലീസ് പാഞ്ഞെത്തി. പത്തുപേരെയും വിശദമായി ചോദ്യം ചെയ്തു. യഥാർത്ഥത്തിൽ അവർ കുക്കർ വിൽക്കാൻ വന്നവരാണെന്ന് ബോദ്ധ്യമായി. പക്ഷേ ഇനിയും നാട്ടുകാർ വിളിച്ചുപറഞ്ഞാൽ തങ്ങൾക്ക് ശല്യമാണല്ലോ എന്നുകരുതി പത്തുപേരെയും ശനിയാഴ്ച പുലർച്ചെ പൊലീസ് കുമളി കെ.എസ്.ആർ.ടി.സി. ബസിൽ കയറ്റി നാടുകടത്തി.
വലവൂരിൽനിന്നു വന്ന ഒരു കോൾ ഒട്ടൊരു തമാശയ്ക്കുകൂടി വക നൽകുന്നതായിരുന്നു; പുലർച്ചെ രണ്ടുവരെ കുരച്ചുകൊണ്ടിരുന്ന വളർത്തുനായ പിന്നീട് കുരയ്ക്കുന്നില്ല, കുറുവാ സംഘം കൊലപ്പെടുത്തിയതാകാമെന്നായിരുന്നു വിളിച്ചയാളുടെ സംശയം. ഇന്നലെ ഭരണങ്ങാനത്തെ ചില വീടുകളിൽ കത്തി കാച്ചുന്നതിനായി ചവിട്ടുന്ന ആലയുമായി ഒരു തമിഴനെത്തി. നാട്ടുകാർ സംശയത്തോടെ നോക്കി. ഇവൻ കുറുവാ സംഘം തന്നെ. ഉടൻ പഞ്ചായത്ത് മെമ്പറെ വിവരം അറിയിച്ചു. മെമ്പർ പാലാ പൊലീസിലും. പൊലീസെത്തി കത്തി കാച്ചുകാരനെ കൈയോടെ പൊക്കി പാലാ സ്റ്റേഷനിൽ കൊണ്ടുവന്നു. അയാളുടെ പോക്കറ്റിൽ ഇരുപത് രൂപ മാത്രം. പൊലീസുകാർ ബാക്കി വണ്ടിക്കൂലിയും ചെലവിനുള്ള കാശും കൂടി കൊടുത്ത് അയാളെയും തൽക്കാലം തമിഴ്നാട്ടിലേക്ക് പറഞ്ഞയച്ചു.
ഇങ്ങനെ തമരടിക്കുന്നവർ, ജാക്ഹാമർ പ്രവർത്തിപ്പിക്കുന്നവർ, മൈക്കാട് പണിക്കാർ എന്നുവേണ്ട ഒരു തമിഴനും നാട്ടിൽ ഇറങ്ങിനടക്കാൻ പറ്റാത്ത അവസ്ഥയായി ഇപ്പോൾ. കുറുവസംഘത്തെ കണ്ടു എന്ന് അവകാശപ്പെടുന്ന ഫോൺ കോളുകളാകട്ടെ പൊലീസിനും തലവേദന ആകുകയാണ്.