കുമരകം : മെത്രാൻ കായലിൽ വിത ഉത്സവം കൃഷി ഓഫീസർ ബി.സുനാൽ ഉദ്ഘാടനം ചെയ്തു. 404 ഏക്കർ സമ്പൂർണ തരിശുരഹിതമാക്കിയാണ് ഈ വർഷത്തെ പുഞ്ച കൃഷിക്കായി വിത്ത് എറിഞ്ഞത്. സ്വന്തമായി നിലമുള്ള അഞ്ചു കർഷകരുടെ 29 ഏക്കർ പാടശേഖരത്താണ് ആദ്യം വിത നടത്തിയത്. കമ്പനിയുടെ കൈവശമുള്ള 375 ഏക്കർ സ്ഥലത്തു വിവിധ സംഘടനകളും വ്യക്തികളും കൃഷിയിറക്കും.120 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ഉമ വിത്താണ് വിതച്ചത്. കൃഷിയിറക്കുന്നതിന് തയ്യാറായിട്ടുള്ള 87 കര്‍ഷകര്‍ക്കും 50% സബ്സിഡി നിരക്കില്‍ വിത്ത് ലഭ്യമാക്കിയിട്ടുണ്ട്. കൃഷിക്ക് മുന്നോടിയായി 5.5 ലക്ഷം രൂപ മുടക്കി കായലിൽ നിന്ന് കട്ടയും മണ്ണും ബാർജിൽ എത്തിച്ച് പുറംബണ്ട് ബലപ്പെടുത്തിയതിനു ശേഷമായിരുന്നു വിത. അടുത്ത വർഷം മുതൽ മെത്രാൻ കായൽ ഉൾപ്പെടെ കുമരകത്തെ 2000 ഏക്കർ നിലങ്ങളിൽ ഇരിപ്പു കൃഷി തുടങ്ങുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.