കുമരകം : കുമരകം ജെട്ടിയിലേക്കെത്തിയ ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് നിയന്ത്രണം വിട്ട് ബന്ധിക്കാൻ ഉപയോഗിക്കുന്ന കോൺക്രീറ്റ് തൂണും തെങ്ങിന്റെ മരക്കുറ്റിയും ഇടിച്ചു തകർത്തു. ഒരു മാസത്തിനുള്ളിൽ മൂന്നാം തവണയാണ് സമാന അപകടമുണ്ടാകുന്നത്. മുഹമ്മയിൽ നിന്ന് 11.35 ന് കുമരകത്തെത്തിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ചവറ് പ്രൊപ്പല്ലറിൽ കുടുങ്ങി റിവേഴ്സ് ഗിയർ പ്രവർത്തിക്കാതെ വന്നതാണ് ബോട്ടിന്റെ നിയന്ത്രണം നഷ്ടമായതെന്ന് ജീവനക്കാർ പറയുന്നു. എന്നാൽ അമിത വേഗതയിലായിരുന്നു ബോട്ട് എത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ചവറ് കുരുങ്ങി ബോട്ടുകൾ ജെട്ടിയിൽ നിയന്ത്രണം നഷ്ടപ്പെടുന്നത് പതിവായതോടെ വേമ്പനാട്ട് കായലിൽ നിന്ന് പ്രവേശിച്ച് സെന്റ് പീറ്റേഴ്സ് സ്കൂളിന് മുൻവശത്ത് എത്തുമ്പോൾ റിവേഴ്സ് ഗിയർ ഇട്ട് ബോട്ടുകൾക്ക് തകരാറില്ലെന്ന് ഉറപ്പു വരുത്തണമെന്ന് നിർദ്ദേശമുണ്ടെങ്കിലും പലപ്പോഴും ജീവനക്കാർ അത് പാലിക്കാറില്ല. കുമരകം - മുഹമ്മ ബോട്ട് റൂട്ടിൽ ജോലി ചെയ്ത് പരിചയമില്ലാത്ത ജീവനകാർക്ക് കുമരകം ജെട്ടിയിൽ ബോട്ട് അടുപ്പിക്കുകയും തിരിക്കുകയും ചെയ്യുന്നത് ഏറെ ശ്രമകരവും അപകടകരവുമാണ്.