വൈക്കം : സി.പി.എം വെച്ചൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലീൻ വേമ്പനാട് കാമ്പയിന്റെ ഭാഗമായി വേമ്പനാട്ട് കായലിന്റെ തീരത്ത് അടിഞ്ഞുകൂടിയ പുൽക്കൂനകളും പോളപ്പായലും നീക്കംചെയ്തു. മത്സ്യത്തൊഴിലാളികളും കക്കാ വാരൽ തൊഴിലാളികളും കൂടുതലായി താമസിക്കുന്ന മേഖലയിൽ അടിഞ്ഞുകൂടിയ പുല്ലും പായലുകളും മത്സ്യബന്ധത്തിനും കക്ക വാരലിനും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കായൽ ശുചീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി സി.പി.എം മുന്നോട്ടു വന്നത്. പാർട്ടി പ്രവർത്തകർക്കൊപ്പം തൊഴിലാളികളും നാട്ടുകാരും ശുചീകരണത്തിൽ പങ്കാളികളായി. കായൽ തീരത്ത് വെച്ചൂർ പള്ളി ജെട്ടി മുതൽ സ്വാമിക്കൽ ജെട്ടിയ്ക്ക് കിഴക്കുവശം വരെയുള്ള രണ്ടു കിലോമീറ്റർ ഭാഗമാണ് ശുചീകരിച്ചത്. ജില്ലാ കമ്മിറ്റി അംഗം കെ.കെ.ഗണേശൻ ഉദ്ഘാടനം ചെയ്തു. വെച്ചൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ.കെ.ജയപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം കെ.എസ്.ഷിബു, നഗരിന ബ്രാഞ്ച് സെക്രട്ടറി കെ.ഡി.ഷണ്മുഖൻ എന്നിവർ സംസാരിച്ചു.