പനമറ്റം: ഭഗവതിക്ഷേത്ര പുനരുദ്ധാരണഭാഗമായി മരഉരുപ്പടികളുടെ പ്രവൃത്തികൾക്ക് തുടക്കം കുറിച്ച് ഉളികുത്തൽ ചടങ്ങ് നടന്നു. ശിൽപ്പി ചന്തിരൂർ കർമ്മാലയം മോഹനൻ ആചാരിയാണ് ഉളികുത്തൽ ചടങ്ങ് നിർവഹിച്ചത്. മേൽശാന്തി പുന്നശ്ശേരി ഇല്ലം വിനോദ് എൻ.നമ്പൂതിരി പൂജ നടത്തി.

ചുറ്റമ്പലം പൂർണമായി പൊളിച്ചുപണിയും. നെടുമ്പാശേരി എയർപോർട്ട് രൂപകൽപ്പന ചെയ്ത എയ്‌റോഡ്രോം ഡിസൈനർ ഡോ.രാജശേഖരൻ വി.വൈക്കമാണ് രൂപരേഖ തയാറാക്കിയത്. തച്ചുശാസ്ത്രവിദഗ്ധൻ വേഴപ്പറമ്പ് നാരായണൻ നമ്പൂതിരിയാണ് കണക്ക് തയാറാക്കിയത്. തഞ്ചാവൂരിൽ നിന്നെത്തിച്ച ശിലയിലാണ് ചുറ്റമ്പലത്തിന്റെ ഭിത്തി നിർമ്മിക്കുന്നത്. ശിൽപ്പി തഞ്ചാവൂർ നരസിംഹകുമാറാണ് ഇതിന്റെ നേതൃത്വം. മൂന്നുകോടി രൂപയാണ് പുനരുദ്ധാരണച്ചെലവ്.