പാലാ: ഒടുവിൽ കാത്തിരിപ്പ് അവസാനിച്ചു. മീനച്ചിലാറിന് കുറുകെ ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണജോലികൾ പുനരാരംഭിച്ചു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, മന്ത്രിമാരായ വി.എൻ വാസവൻ, റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ എം.പി, മോൻസ് ജോസഫ് എം.എൽ.എ, മാണി സി.കാപ്പൻ എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ സർക്കാർ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിന്റെ തീരുമാന പ്രകാരമാണ് ചേർപ്പുങ്കൽ പാലത്തിന്റെ നിർമ്മാണജോലികൾ പുനരാരംഭിച്ചത്. നേരത്തെ വകുപ്പ് തലത്തിലുണ്ടായ വിവിധ സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്നാണ് സമാന്തര പാലത്തിന്റെ നിർമ്മാണ ജോലികൾ മുടങ്ങിയത്. പൊതുമരാമത്ത് വകുപ്പിന്റെ എസ്റ്റിമേറ്റിലുണ്ടായ സാങ്കേതിക പിഴവ് മൂലമാണ് നിർമ്മാണം നിർത്തി വയ്ക്കാൻ കരാർ കമ്പനി നിർബന്ധിതരായത്.സർക്കാർ തലത്തിൽ ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾക്ക് വഴിതുറന്നത്.പുതുക്കിയ പ്രൊപ്പോസൽ സർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ കരാറുകാർ മുന്നോട്ടുവന്നത്.
പൈലിംഗ് ജോലികൾ തുടങ്ങി
ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ചേർപ്പുങ്കൽ പള്ളിയുടെ ഭാഗത്ത് നിന്നുമുള്ള പൈലിംഗ് പ്രവർത്തികൾക്ക് മോൻസ് ജോസഫ് എം.എൽ.എ, മാണി സി.കാപ്പൻ എം.എൽ.എ എന്നിവർ ചേർന്ന് തുടക്കം കുറിച്ചു. പാലത്തിന് വേണ്ടി 4 പൈലുകളാണ് ഇനി നിർമ്മിക്കാനുള്ളത്. ബ്രിഡ്ജസ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സിസിലി ജോസഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ, കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, അഡ്വ. ഇ.എം ബിനു, തോമസ് മാളിയേക്കൽ, പി.എൻ ബിനു, ഷെറി ആരംപുളിക്കൽ, ജോസ് കൊല്ലാറത്ത്, സതീഷ് ചേർപ്പുങ്കൽ, തോമസ് ആൽബർട്ട്, മുൻ മെമ്പർമാരായ കെ.എസ് ജയൻ, ആന്റണി വളർകോട്, ദീപു തേക്കുംകാട്ടിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.