പ്രവേശന കവാടത്തിലെ തിരക്ക് ഒഴിവായി

പാലാ: ജനറൽ ആശുപത്രിയിലെ ഒ.പി രജിസ്ട്രേഷൻ പുതിയ മന്ദിരത്തിലേക്ക് പൂർണമായും മാറ്റി ക്രമീകരിച്ചു. ഇതോടെ ഒ.പി ടിക്കറ്റിനായുള്ള തിക്കുംതിരക്കും പാടേ ഒഴിവായി. ആശുപത്രി മാനേജിംഗ് കമ്മിറ്റി തീരുമാനപ്രകാരമാണ് പുതിയ ക്രമീകരണം. ദിവസംതോറും ഒ.പി വിഭാഗത്തിലെത്തുന്നവരും സഹായികളും ആശുപത്രി കവാടത്തിലും കാഷ്വാലിറ്റി ഭാഗത്തും തിക്കും തിരക്കുമുണ്ടാക്കുന്നത് പതിവായിരുന്നു. ഒ.പി. കൗണ്ടറുകൾ മാറ്റിയതോടെ നിന്നുതിരിയാൻ ഇടമില്ലാതിരുന്ന പ്രവേശന കവാടം തിരക്കൊഴിഞ്ഞ് സൗകര്യപ്രദമായി.

കാഷ്വാലിറ്റിയിലേക്ക് എത്തുന്ന ആംബുലൻസുകൾക്കും വാഹനങ്ങൾക്കും തടസമില്ലാതെ ഇനി പ്രവേശിക്കാം.
പുതുതായി നിർമ്മിച്ച കെട്ടിട സമുച്ചയത്തിലാണ് ഇന്നു മുതൽ ഒ.പി ടിക്കറ്റ് കൗണ്ടറുകൾ . 3 കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടുള്ള വിസിറ്റേഴ്‌സ് ലോഞ്ച് പൂർണമായും പ്രയോജനപ്പെടുത്തിയാണ് സജ്ജീകരണം.അംഗ പരിമിതർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക കൗണ്ടറുണ്ടാകും.തിക്കും തിരക്കും ഇല്ലാതെ അകലം പാലിച്ച് ഒ.പി. ടിക്കറ്റ് എടുത്ത് നേരെ ഒ.പി.വിഭാഗത്തിലേക്ക് കടക്കുന്നതിന് പ്രത്യേക പ്രവേശന കവാടവും നിരവധി ഇരിപ്പിട സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പുതിയ ക്രമീകരണങ്ങൾ നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ജയ് സൺ മാന്തോട്ടം, ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജൻ, എന്നിവർ വിലയിരുത്തി.

ലിഫ്റ്റ് സജ്ജമാക്കും

പുതിയ മന്ദിരത്തിൽ ഒരു ലിഫ്റ്റ് കൂടി സജ്ജമാക്കും. ഇതിനായുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. പുതിയ മന്ദിരത്തിന്റെ ചുറ്റുമുള്ള ഒഴിഞ്ഞ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി പാർക്കിംഗ് സൗകര്യം സജ്ജീകരിക്കുമെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയർ ആന്റോ പടിഞ്ഞാറേക്കരയും ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും പറഞ്ഞു.