മുണ്ടക്കയം: നീണ്ടനാളത്തെ പ്രതിഷേധങ്ങൾക്കും കാത്തിരിപ്പിനൊടുവിലാണ് മുണ്ടക്കയം - കോരുത്തോട് റോഡ് നിർമ്മാണം ആരംഭിച്ചത്. നിർമ്മാണം തുടങ്ങിയതിന്റെ ആശ്വാസം ഉണ്ടെങ്കിലും ഇപ്പോൾ മെറ്റൽ നിരത്തുന്ന പണിയാണ് നടന്നുവരുന്നത്. ഇത് ഏറെ ദുരിതം ആകുന്നത് ശബരിമല തീർത്ഥാടകർക്കും പ്രദേശവാസികൾക്കുമാണ്. കനത്ത പൊടി മൂലം തൊട്ടടുത്ത് എത്തുന്ന വാഹനങ്ങൾ പോലും കാണാത്ത അവസ്ഥ. പൊടി അകറ്റാൻ വെള്ളം പോലും തളിക്കുന്നില്ല.

റോഡിന്റെ ഇരുവശങ്ങളിലും ഉള്ള വീടുകൾ നിറയെ പൊടിയാണ്. കൊ വിഡ് മൂലം മാസ്ക് ധരിക്കുന്നതിനാൽ പൊടി മൂലമുള്ള പലരോഗങ്ങൾക്കും കുറവുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പ്രായം ചെന്നവരും രോഗികളും ആയിട്ടുള്ള നിരവധി പേരാണ് റോഡിന്റെ ഇരുവശങ്ങളിലും ഉള്ള വീടുകളിൽ കഴിയുന്നത്.

@അപകടവും, കുരുക്കും

നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ അപകടങ്ങളും തുടർക്കഥയാണ്. റോഡ് നിർമ്മാണം മൂലം ഗതാഗതക്കുരുക്കും ഉണ്ടാകാറുണ്ട്. ഇതിലേറെയും ദുരിതമനുഭവിക്കുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തരാണ്. സ്ഥിരമായി ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർ റോഡ് നിർമ്മാണം അറിയാതെയാണ് ഇതുവഴി കടന്നു പോകുന്നത്.