
വൈക്കം : നഗരസഭാ 26ാം വാർഡിൽ കാരയിൽ പാടശേഖരത്ത് പുഞ്ചക്കൃഷിയ്ക്ക് വിത്തുപാകി. വൈക്കം താലൂക്ക് ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘം 'സുഭിക്ഷകേരളം' പദ്ധതിയിൽപ്പെടുത്തിയാണ് ആറേക്കർ സ്ഥലത്ത് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, വൈക്കം കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെ കൃഷി നടത്തുന്നത്. ദീർഘകാലമായി തരിശു കിടന്ന പാടശേഖരം കഴിഞ്ഞ വർഷം തൊഴിലുറപ്പ് തൊഴിലാളികൾ ശുചീകരിച്ച് കൃഷിയിറക്കിയെങ്കിലും കാലാവസ്ഥയിലുണ്ടായ മാറ്റം മൂലം കൃഷി നഷ്ടമായി. ഇക്കുറി മികച്ച വിളവാണ് പ്രതീക്ഷിക്കുന്നത്. പ്രദേശത്തെ 13 ഭൂവുടമകളിൽ നിന്നും മൂന്ന് വർഷത്തേക്ക് പാട്ടവ്യവസ്ഥയിൽ ഭൂമി ഏറ്റുവാങ്ങിയാണ് സംഘം കൃഷി നടത്തുന്നത്. തരിശായി കിടക്കുന്ന പാടശേഖരങ്ങളെ യോഗ്യമാക്കി പരമ്പരാഗത രീതീയിലുള്ള കൃഷി സമ്പ്രദായം നടപ്പാക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. നഗരസഭാ ചെയർപേഴ്‌സൺ രേണുക രതീഷ് വിത്തുപാകൽ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.സോമൻപിള്ള അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു സജീവൻ, കൗൺസിലർമാരായ അശോകൻ വെള്ളവേലി, ആർ.സന്തോഷ്, സംഘം വൈസ് പ്രസിഡന്റ് അഡ്വ.ചന്ദ്രബാബു എടാടൻ, ആർ അജിത്ത് വർമ്മ, തൊഴിലുറപ്പ് പദ്ധതി ഓവർസിയർ സൗമ്യ ജനാർദ്ധനൻ, ഭൂവുടമകളായ സുരേഷ് ബാബു, ജോസഫ് ചെറുപുഷ്പം, ചന്ദ്രബാബു എന്നിവർ പങ്കെടുത്തു.