വൈക്കം : ഉദയനാപുരം പഞ്ചായത്തിലെ മാനാപള്ളി പാടശേഖരത്തിന്റെ പുറബണ്ട് തകർന്നതിനെ തുടർന്ന് വിത വൈകുന്നു. 260 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ പാട്ട കർഷകരടക്കം 90 ഓളം കർഷകരാണുള്ളത്. 70 ദിവസമായി തുടർച്ചയായി വെള്ളം വ​റ്റിച്ചിട്ടും മുവാ​റ്റുപുഴയാറും കരിയാറും അതിരിടുന്ന ആറ് കിലോമീ​റ്റർ വരുന്ന പുറബണ്ട് പല സ്ഥലങ്ങളും തകർന്ന് പാടത്തേയ്ക്ക് വെള്ളം കയറുകയാണ്. കഴിഞ്ഞ ദിവസം മുട്ടുങ്കൽ തെക്കുഭാഗത്ത് മൂവാറ്റുപുഴയോരത്ത് ബണ്ട് തകർന്നു. പാടശേഖരത്തിന്റെ തെക്കുപടിഞ്ഞാ​റ് ഭാഗത്ത് കരിയാറിന്റ ഓരത്ത് അഞ്ചു മീ​റ്ററോളം കഴിഞ്ഞ ദിവസം ബണ്ട് തകർന്നിരുന്നു. രാവിലെ വേലിയേ​റ്റം ശക്തമായതിനാൽ പാടശേഖരത്തിനുള്ളിലും പുറത്തുമായി നുറോളം കുടുംബങ്ങളും വെള്ളക്കെട്ടിലായി. പുറബണ്ടിന് ബലക്ഷയമുള്ളതിനാൽ വർഷങ്ങളായി വിതയും വിളവെടുപ്പും വൈകിയാണ് നടക്കുന്നത്.

കർഷകർക്ക് തിരിച്ചടി

കൃഷി വെള്ളത്തിൽ മുങ്ങി നശിക്കുന്നതും കൊയ്‌തെടുത്ത നെല്ലിന് ഈർപ്പത്തിന്റെ പേരിൽ മതിയായ വില ലഭിക്കാത്തതും കർഷകർക്ക് തിരിച്ചടിയാണ്. കെ.എൽ.ഡി.സി, നബാർഡ് തുടങ്ങി പല സർക്കാർ ഏജൻസികളും പാടശേഖരത്തിലെ കർഷകരുടെ ദുരവസ്ഥയോട് അനുഭാവം പ്രകടിപ്പിച്ച് സ്ഥിതി വിലയിരുത്തിയെങ്കിലും നടപടിയുണ്ടായില്ല. മാനാപ്പള്ളി പാടശേഖരത്തിന്റെ പുറബണ്ട് ബലപ്പെടുത്തുന്നതിന് സർക്കാർ പദ്ധതി ആവിക്ഷ്‌കരിക്കണമെന്ന് പാടശേഖര സമിതി പ്രസിഡന്റ് വി.കെ.പൊന്നപ്പൻ , സെക്രട്ടറി മോഹനൻ ജിത്ത് ഭവൻ, മധു പരുവചുവട്ടിൽ എന്നിവർ ആവശ്യപ്പെട്ടു.