വൈക്കം : കൊവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞതോടെ സർവീസ് പുന:രാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സൂപ്പർ ഫാസ്റ്റ് എ.സി ബോട്ട് വേഗ വൈക്കത്തു നിന്ന് കൊണ്ടുപോയി. ഇനി സേവനം എറണാകുളത്ത്. 2018 നവംബർ 4 നാണ് ജലഗതാഗത വകുപ്പിന്റെ വേഗ വൈക്കത്തു നിന്ന് എറണാകുളത്തേക്ക് സർവീസ് ആരംഭിച്ചത്. വൈക്കത്തുനിന്ന് രാവിലെ 7.30 ന് എറണാകുളത്തേയ്ക്ക് യാത്ര തിരിക്കുന്ന വേഗ 1.45 മണിക്കൂർ കൊണ്ടാണ് എറണാകുളത്തെത്തുന്നത്. പിന്നീട് കൊച്ചി കമാൽക്കടവിൽ 20 മിനിട്ട് ഇടവേളയിൽ സർവീസ് നടത്തിയ ശേഷം വൈകിട്ട് 5.30 ന് എറണാകുളത്ത് നിന്ന് തിരികെ വൈക്കത്തെത്തും. എറണാകുളത്ത് ജോലി ചെയ്യുന്നവർക്കും എറണാകുളത്ത് നിന്ന് സാധനങ്ങൾ വാങ്ങി വൈക്കത്തേയ്ക്ക് തിരിക്കുന്ന ചെറുകിട വ്യാപാരികൾ ഉൾപ്പടെയുള്ള യത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്നു സർവീസ്. കൊവിഡ് രൂക്ഷമായപ്പോൾ വൈക്കം - തവണക്കടവ് സർവീസുകൾക്കൊപ്പം വേഗയും ഓട്ടം നിറുത്തി. പിന്നീട് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്ന് ബോട്ട് സർവീസുകൾ അടക്കം പൊതുഗതാഗത സംവിധാനങ്ങളെല്ലാം പുന:രാരംഭിച്ചിട്ടും വേഗ ഓടി തുടങ്ങിയിരുന്നില്ല. വേഗയുടെ സർവീസ് പുന:രാരംഭിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ബോട്ട് എറണാകുളത്തേക്ക് ലോക്കൽ സർവീസിനായി കൊണ്ടു പോയത്. വേഗ വൈക്കത്തേക്ക് തിരികെ കൊണ്ടുവരണമെന്നും എറണാകുളം സർവീസ് പുന:രാരംഭിക്കണമെന്നും വൈക്കം നഗരസഭ കൗൺസിൽ ആവശ്യപ്പെട്ടു. കൗൺസിലർമാരായ ബി.രാജശേഖരനും ബിന്ദു ഷാജിയും പ്രമേയം അവതരിപ്പിച്ചു.
ഒരുകാലത്ത് വിപുലമായ രീതിയിൽ പ്രവർത്തിച്ചിരുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന്റെ പ്രവർത്തനം നാമമാത്രമായതടക്കം വൈക്കത്തിന് സ്വന്തമായിരുന്നതെല്ലാം അനുദിനം നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്. വേഗ ബോട്ട് സർവീസ് പുന:രാരംഭിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് രൂപം നൽകും.
പി.ടി.സുഭാഷ്, നഗരസഭ വൈസ് ചെയർമാൻ