മണർകാട് : നടുവൊടിക്കുന്ന കുഴികൾ, പിന്നാലെ പൊടിശല്യവും...യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുകയാണ് മണർകാട് വൺവേ ബൈപ്പാസ് റോഡ്. മഴക്കാലത്ത് വെള്ളക്കെട്ടിനു മുകളിൽ മണ്ണ് ഇട്ട് നികത്തി അധികൃതർ തടിതപ്പിയതാണ് ഇപ്പോൾ യാത്രക്കാർക്ക് വിനയായത്. വൺവേ റോഡ് ആരംഭിക്കുന്ന ഇടം മുതൽ പഴയ കെ.കെ റോഡ് വരെ വലുതും ചെറുതുമായ നിരവധി കുഴികളാണുള്ളത്. റീടാറിംഗ് നടത്തണമെന്ന ഏറെനാളായുള്ള നാട്ടുകാരുടെ ആവശ്യത്തോട് അധികൃതർ പുറംതിരിഞ്ഞ് നിൽക്കുകയാണ്. മണർകാട് ജംഗ്ഷനിൽ രൂപപ്പെട്ടിരുന്ന മണിക്കൂറുകൾ നീളുന്ന കുരുക്കിൽ നിന്ന് മോചനമായിരുന്നു ബൈപ്പാസ് റോഡ്. എന്നാൽ കുഴിയുടെ എണ്ണം പെരുകിയതോടെ യാത്രക്കാർ മറ്ര് വഴികൾ തേടുകയാണ്. വെള്ളക്കെട്ട് രൂപപ്പെട്ടിരുന്ന ഭാഗം ഇന്റർലോക്ക് കട്ടകൾ പാകിയെങ്കിലും അതും ദിവസങ്ങൾക്കുള്ളിൽ തകർന്നു.