പാലാ : ജനറൽ ആശുപത്രിയിലെ പുതിയ ഒ.പി ടിക്കറ്റ് കൗണ്ടർ കൊവിഡ് ചികിത്സാ കേന്ദ്രത്തിന് അരികിലേക്ക് മാറ്റിയതിൽ പ്രതിഷേധം ഉയരുന്നു. കൊവിഡ് രോഗികളെ കിടത്തിയിരിക്കുന്ന വാർഡിനോട് ചേർന്നുള്ള വഴിയേയാണ് മറ്റ് രോഗികൾ ഡോക്ടർമാരെ കാണാൻ ഒ.പിയിലേക്ക് പോകേണ്ടത്. ഇത് സംബന്ധിച്ച് ഇന്നലെ ''കേരളകൗമുദി'' റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ പാർലമെന്ററി പാർട്ടി ലീഡർ പ്രൊഫ. സതീശ് ചൊള്ളാനിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. അധികൃതരുടെ തുഗ്ലക് പരിഷ്‌കാരമാണെന്ന് സതീശ് ചൊള്ളാനി ആരോപിച്ചു. കൗൺസിലർമാരായ പ്രിൻസ് വി.സി, ജോസ് എടേട്ട്, മായ രാഹുൽ, ലിസിക്കുട്ടി മാത്യു, ആനി ബിജോയി, സിജി ടോണി എന്നിവരും ഒപ്പമുണ്ടായിരുന്നു. രണ്ട് ജീവനക്കാർ മാത്രമുള്ളതിനാൽ നൂറുകണക്കിന് രോഗികൾ ക്യൂ നിന്ന് വലയുകയാണ്. ടിക്കറ്റ് എടുത്ത് കൊവിഡ് രോഗികളുടെ സമീപത്തുകൂടി ഇടുങ്ങിയ ഇടനാഴിയിലൂടെ വേണം ഡോക്ടറെ കാണാൻ ഒ.പി വിഭാഗത്തിലേക്ക് കടക്കാൻ. ഇതുമൂലം ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന സാധാരണ രോഗികൾക്ക് കൊവിഡ് രോഗം പകരാൻ സാദ്ധ്യത കൂടുതലാണ്. പാലാ ജനറൽ ആശുപത്രിയിലെ കാർഡിയോളജി ഡോക്ടറെ കാഞ്ഞിരപ്പള്ളിയിലേക്ക് സ്ഥലം മാറ്റിയതും ലാബുകളുടെ പ്രവർത്തനം മന്ദീഭവിപ്പിച്ചതിലും യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചു.

നെറ്റ് അടിക്കാൻ തീരുമാനം

ജനറൽ ആശുപത്രിയുടെ പുതിയ ഒ.പി. ടിക്കറ്റ് കൗണ്ടറിൽ നിന്ന് ഡോക്ടർമാർ ഇരിക്കുന്നിടത്തേക്ക് കൊവിഡ് സെന്ററിന്റെ ഓരംചേർന്ന് രോഗികൾ പോകുന്ന ഭാഗത്ത് നെറ്റ് അടിക്കാൻ തീരുമാനം. ഇന്നലെ വൈകിട്ട് സി.പി.എം. കൗൺസിലർമാരും, നേതാക്കളും സന്ദർശിച്ചാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഇത് ഉടൻ ചെയ്യാമെന്ന് ആർ.എം.ഒ ഡോ. അനീഷ് കെ. ഭദ്രൻ ഉറപ്പ് നൽകി. സി.പി.എം നേതാക്കളായ ഷാർളി മാത്യു, കെ.കെ ഗിരീഷ് കുമാർ, അജി, രാജു എന്നിവർക്കൊപ്പം സി.പി.എം നഗരസഭ പാർലമെന്റററി പാർട്ടി ലീഡർ അഡ്വ.ബിനു പുളിക്കക്കണ്ടം, വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ്, കൗൺസിലർമാരായ ബിന്ദു മനു, ഷീബ ജിയോ, സതി ശശികുമാർ, ജോസിൻ ബിനോ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അടിയന്തിരമായി ആശുപത്രിയിൽ ഏർപ്പെടുത്തേണ്ട മറ്റ് വികസന കാര്യങ്ങളെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കുമെന്ന് സി.പി.എം നേതാക്കൾ അറിയിച്ചു. മന്ത്രി വി.എൻ.വാസവൻ അടുത്തദിവസം പാലായിൽ എത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കും.


നഗരസഭയിലെ സി.പി.എം കൗൺസിലർമാരും,നേതാക്കളും പാലാ ജനറൽ ആശുപത്രി സന്ദർശിക്കുന്നു