കോട്ടയം : വേളൂർ പൈനിപ്പാടത്ത് നടപ്പാക്കുന്ന തരിശുനില കൃഷിയുടെ ഭാഗമായി ആമ്പല്ലൂർ തോടിന്റെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മഹാത്മാ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ കൂടി സഹായത്തോടെയാണ് രണ്ടു കിലോമീറ്റർ ദൂരം വരുന്ന തോട് വീണ്ടെടുക്കൽ നടപ്പാക്കുന്നത്. ആമ്പല്ലൂർ തോടിന്റെ ഇരുവശങ്ങളിലുമായി തരിശായി കിടക്കുന്ന നിലങ്ങളിൽ നെൽകൃഷിയും സാദ്ധ്യമാകും. മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനർസംയോജന പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ കൗൺസിലർ സി.ജി.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജനകീയ കൂട്ടായ്മയുടേയും കർഷകരുടേയും പ്രതിനിധികളായ സി.എൻ സത്യനേശൻ, ആർ. അഭിലാഷ്, സുരേഷ് ജേക്കബ്, പി.ആർ സാബു, ലിജോ സദാനന്ദൻ, കെ.എസ് അനീഷ്, അജയ് സത്യൻ, കെ.സി ചെറിയാൻ എന്നിവർ പങ്കെടുത്തു.