കുമരകം : തണ്ണീർമുക്കം ബണ്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നിട്ടിരുന്നപ്പാേൾ ഉണ്ടായ ശക്തമായ വേലിയേറ്റം മൂലം പടിഞ്ഞാറൻമേഖലയിൽ കൂടിയ ജലനിരപ്പ് 70ഷട്ടറുകൾ അടയ്ക്കുകയും, 20 ഷട്ടറുകൾ കഴിഞ്ഞ മൂന്നു ദിവസമായി റെഗുലേറ്റു ചെയ്തിട്ടും കുറയുന്നില്ല. ഇപ്പോൾ അനുഭവപ്പെടുന്നത് മുൻ വർഷങ്ങളിലേക്കാൾ വൃശ്ചികവേലിയേറ്റം ശക്തമായതിനാലാണെന്നാണ് വിലയിരുത്തൽ. മാത്രവുമല്ല 90 ഷട്ടറുകളും തുറന്നു കിടന്നപ്പാേൾ വേലിയിറക്കത്തിൽ കടലിലേയ്ക്ക് ഒഴുകി മാറിയതിനാേളം വെള്ളം ഇപ്പോൾ ഒഴുകിപ്പോകുന്നുമില്ല. വേലിയേറ്റ സമയത്ത് 20 ഷട്ടറുകളും താഴ്ത്താൻ മൂന്നു മണിക്കൂർ വേണ്ടി വരുന്നതിനാൽ 20 ഷട്ടറുകൾ റഗുലേറ്റു ചെയ്താലും മൂന്നുനാലു ദിവസങ്ങൾ കൊണ്ടേ ജലനിരപ്പിൽ പ്രകടമായ കുറവനുഭവപ്പെടൂ.
ഒഴുകിയെത്തുന്ന വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി വേമ്പനാട്ട് കായലിന് കുറഞ്ഞു വരുന്നതായി പഠന റിപ്പാേർട്ട് പുറത്ത് വന്നു. ഇത്തവണത്തെ വൃശ്ചിക വേലിയേറ്റത്തെ തുടർന്ന് പതിവില്ലാത്ത വിധത്തിൽ കായലിന്റെ തീരപ്രദേശങ്ങളിൽ ജലനിരപ്പുയരുകയും കുട്ടനാട്ടിൽ മടവീഴ്ച ഉണ്ടാവുകയും ചെയ്തതിന്റെ കാരണങ്ങളിലാെന്ന് ഇതാണെന്ന് കുസാറ്റിലെ ഓഷനോഗ്രഫി വിഭാഗം മുൻ അദ്ധ്യാപകനായ ഡോ.എ.എൻ. ബാൽചന്ദ് പറഞ്ഞു. ഡിസംബർ ,ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ശക്തമായ വേലിയേറ്റം ഉണ്ടാകുന്നത് സ്വഭാവിക പ്രതിഭാസമാണ്. എന്നാൽ കടലിൽ ജലനിരപ്പ് ഉയരുമ്പോൾ തിരിച്ചെത്തുന്ന വെള്ളം വേമ്പനാട്ട് കായലിന് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഒക്ടോബറിലും നവംബറിലും കേരളത്തിൽ ലഭിച്ച ശക്തമായ മഴ കാരണം നദികൾ നിറഞ്ഞിരിക്കുകയാണ്. പാടങ്ങളിൽ നിന്ന് പുറത്തേക്ക് ഒഴുക്കിയ വെള്ളം കൂടി ആയപ്പോൾ മുൻ കാലങ്ങളെ അപേക്ഷിച്ച് വെള്ളത്തിന്റെ അളവ് കൂടുതലാണ്.
ഉരുൾപൊട്ടലും വിനയായി
കിഴിക്ക് ഉണ്ടായ ചെറുതും വലതുമായ ഉരുൾപൊട്ടലുകൾ കാരണം വേമ്പനാട്ട് കായലിൽ ചെളിയും മണ്ണും ധാരാളമായി വെള്ളത്തിനൊപ്പം ഒഴുകിയെത്തി. ഇതുകാരണം കടലിലെ ജലനിരപ്പ് ഉയരുന്നത് അനുസരിച്ച് കായലിന് വേണ്ടത്ര ജലം ഉൾക്കാെള്ളാൽ കഴിയുന്നില്ല. ഈ അവസ്ഥയിൽ വെള്ളത്തിന് സമ്മർദ്ദം ഉണ്ടാകുന്നതാണ് കുട്ടനാടിലെ മടവീഴ്ചയ്ക്ക് കാരണമാകുന്നത്. മുൻകാലങ്ങളിൽ കായലിലെ എക്കൽ മണ്ണ് പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്താനും കൃഷിഭൂമിയിൽ വളമായി ഉപയോഗിച്ചിരുന്നു. ഇപ്പോൾ നിയന്ത്രണങ്ങൾ കാരണം എക്കൽ നീക്കം ചെയ്യുന്നില്ല. സ്വാഭാവികമായി കടലിലേക്ക് ഒഴുകി പോകേണ്ട എക്കൽ തണ്ണീർമുക്കം ബണ്ട് കാരണം കായിലിൽ തന്നെ തങ്ങി നിൽക്കുകയാണ്. ചെറിയ വേലിയേറ്റത്തിൽ പോലും തീരത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നതിന് കാരണം ഇതാണെന്ന് ഡോ.ബാൽ ചന്ദ് വിശദീകരിച്ചു.