വൈക്കം : വൈക്കം റേഞ്ച് നാലാം ഗ്രൂപ്പിലെ ചെത്ത് തൊഴിലാളികൾ നടത്തുന്ന പണിമുടക്ക് ഒത്തുതീർപ്പാക്കണമെന്ന് സി.പി.ഐ വൈക്കം - തലയോലപ്പറമ്പ് മണ്ഡലം സംയുക്ത സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. കടുത്ത പ്രതിസന്ധിയിലാണ് കള്ള് ചെത്ത് വ്യവസായം. ഈ മേഖലയിൽ തൊഴിലാളികളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരുന്ന സമയത്താണ് കടുത്ത തൊഴിലാളിദ്റോഹ നടപടിയുമായി ഷാപ്പ് കോൺട്രാക്ടർ മുന്നോട്ടുപോകുന്നത്. ഇതിന് വിടുവേല ചെയ്യുന്ന പണിയാണ് പൊലീസ് - എക്‌സൈസ് സ്വീകരിച്ചിട്ടുള്ളത്. ന്യായമായ തൊഴിൽ സമരങ്ങളെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്ക് കനത്ത തിരിച്ചടികൾ നൽകിയിട്ടുള്ളതാണ് വൈക്കത്തെ കമ്മ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനം. തൊഴിലാളികളുടെ ന്യായമായ സമരത്തിന് പരിഹാരം കാണാൻ അധികാരികൾ തയ്യാറായില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. കോൺട്രാക്ടറുടെ വീട്ടുപടിക്കലിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കും. യോഗത്തിൽ സി.പി.ഐ ജില്ലാ എക്‌സി. അംഗം പി.സുഗതൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ, അസി. സെക്രട്ടറി അഡ്വ. വി.കെ.സന്തോഷ് കുമാർ, യൂണിയൻ പ്രസിഡന്റ് അഡ്വ.വി.ബി ബിനു, ജനറൽ സെക്രട്ടറി ടി.എൻ.രമേശൻ, മണ്ഡലം സെക്രട്ടറിമാരായ ജോൺ വി ജോസഫ്, എം.ഡി ബാബുരാജ്, അസി. സെക്രട്ടറി കെ.എസ് രത്‌നാകരൻ, സെക്രട്ടേറിയറ്റംഗങ്ങളായ എൻ.അനിൽബിശ്വാസ്, പി.എസ് പുഷ്‌കരൻ, വി.കെ.അനിൽകുമാർ, ആർ ബിജു, കെ വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.